കോഴിക്കോട് പൈങ്ങോട്ടുപുറം പറച്ചേരി പൊറ്റയിൽ വാടകയ്ക്ക് താമസിച്ചിരുന്ന വടക്കേവരപൊയിൽ സൈനബയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് കൂട്ടുപ്രതി ഗൂഡല്ലൂർ എല്ലാമല സ്വദേശി സുലൈമാൻ അറസ്റ്റിൽ. തമിഴ്‌നാട്ടിലെ സേലത്ത് വെച്ച് തമിഴ്നാട് പൊലീസിന്റെ സഹായത്തോടെ കസബ പൊലീസാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.
കഴിഞ്ഞ ദിവസം പിടിയിലായ മുഖ്യപ്രതി മലപ്പുറം സ്വദേശി കുന്നുംപുറം പള്ളിവീട്ടിൽ സമദിന്റെ മൊഴി അനുസരിച്ച് കസബ സ്റ്റേഷൻ ഇൻസ്പെക്ടർ എസ് ബി കൈലാസ് നാഥിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം സുലൈമാനെ തേടി കഴിഞ്ഞ ദിവസം കോയമ്പത്തൂരിലേക്ക് പോയിരുന്നു. ലോറി ഡ്രൈവറായ സുലൈമാൻ ഗൂഡല്ലൂരിൽ നിന്ന് കോയമ്പത്തൂരിലേക്ക് കടന്നിട്ടുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് കോയമ്പത്തൂരിലെത്തിയത്.
പൊലീസ് അന്വേഷിക്കുന്നുണ്ടെന്ന് മനസിലാക്കിയ സുലൈമാൻ സ്ഥലത്ത് നിന്നും കടന്നുകളയുകയായിരുന്നു. തുടർന്ന് സേലം പൊലീസിന്റെയും സൈബർ സെല്ലിന്റെയും സഹായത്തോടെ മൊബൈൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് സുലൈമാനെ പിടികൂടിയത്. സുലൈമാന്റെ സഹായത്തോടെയാണ് കൃത്യം നടത്തിയതെന്ന് സമദ് കഴിഞ്ഞ ദിവസം പൊലീസിന് മൊഴി നൽകിയിരുന്നു.
സൈനബയുമായുള്ള പരിചയം മുതലെടുത്ത് സ്വർണവും പണവും കൈക്കലാക്കാനായിരുന്നു ഇരുവരും ലക്ഷ്യമിട്ടിരുന്നത്. ഏഴാം തീയതി മുതലാണ് സൈനബയെ കാണാതായത്. കുറ്റിക്കാട്ടൂരിലെ വാടക വീട്ടിൽ നിന്ന് കോഴിക്കോട് നഗരത്തിലേക്ക് പോയ സൈനബ പിന്നെ തിരിച്ചെത്തിയില്ല. എട്ടാം തീയതി ഭർത്താവ് മുഹമ്മദലി പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകം തെളിഞ്ഞത്.
English Summary: Zainaba’s murder; The accused was arrested
You may also like this video