സഞ്ജിത്ത് വധകേസില്‍ സുബൈര്‍ രക്ഷപ്പെട്ടതാണ് അയാളെ കൊലപ്പെടുത്താന്‍ കാരണമെന്ന് സൂത്രധാരന്‍ രമേശ് പൊലീസിന് മൊഴി നല്‍കിയതായി എഡിജിപി വിജയ് സാഖറെ അറിയിച്ചു. താന്‍ കൊല്ലപ്പെട്ടാല്‍ അതിന്റെ ഉത്തരവാദിത്വം സുബൈറിന് ആയിരിക്കുമെന്നും തന്നെ ഇല്ലാതാക്കാന്‍ സൂബൈര്‍ ഗൂഢാലോചന നടത്തിയെന്നും സഞ്ജിത്ത് കൊല്ലപ്പെടുന്നതിന് മുമ്പ് രമേശിനോട് പറഞ്ഞിരുന്നു.
എന്നാല്‍ സഞ്ജിത്ത് കൊല്ലപ്പെട്ട സംഭവത്തില്‍ സൂബൈര്‍ പൊലീസ് കേസില്‍ നിന്നും രക്ഷപ്പെട്ടതാണ് പോപ്പുലര്‍ ഫ്രണ്ട് നേതാവ് സുബൈറിനെ വെട്ടിക്കൊല്ലാനിടയാക്കിയതെന്നും രമേശ് വെളിപ്പെടുത്തിയതായി എഡിജിബി അറിയിച്ചു.
സൂബൈര്‍ വധകേസില്‍ ഇന്നലെ പിടിയിലായ രമേശ് ഏര്‍പ്പാടു ചെയ്തവരാണ് ആറുമുഖന്‍, ശരവണന്‍ എന്നിവരെന്നും മൂന്നുപേരുടെയും അറസ്റ്റ് ഇന്ന് രാവിലെ രേഖപ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു. സുബൈര്‍ വധകേസില്‍ കൂടുതല്‍ പ്രതികളില്ലെന്നും ഇന്ന് ഉച്ചകഴിഞ്ഞ് പ്രതികളെ വൈദ്യ പരിശോധനയ്ക്ക് ശേഷം കോടതിയില്‍ ഹാജരാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കൊലപാതകത്തിന് പിറകെ പ്രതികള്‍ രക്ഷപ്പെടുന്ന സിസിടിവി ദൃശ്യം നേരത്തെ കഞ്ചിക്കോടിന് സമീപത്ത് വച്ച് പൊലീസിന് ലഭിച്ചിരുന്നു. നേരത്തെ കൊല്ലപ്പെട്ട ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിന്റെ സുഹൃത്തുക്കളാണ് പിടിയിലായവര്‍. സഞ്ജിത്തിന്റെ കൊലപാതകത്തിനുള്ള തിരിച്ചടിയാണ് സുബൈര്‍ കൊലപാതകം എന്ന് പ്രതികള്‍ മൊഴി നല്‍കി.
സുബൈര്‍ വധ കേസില്‍ കസ്റ്റഡിയിലുള്ളവരെ രഹസ്യ കേന്ദ്രത്തില്‍ പൊലീസ് ചോദ്യം ചെയ്യുകയാണ്. കൊലപാതക ഗൂഡാലോചനയില്‍ നേതാക്കള്‍ ഉള്‍പ്പെട്ടോ എന്ന വിവരങ്ങളാണ് പൊലീസ് തേടുന്നത്. മൂന്ന് പേരെയും ഇന്ന് കോടതിയില്‍ ഹാജരാക്കുമെന്നാണ് കരുതുന്നത്. ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ ശ്രീനിവാസന്‍ വധകേസില്‍ ആറ് പേര്‍ നേരിട്ട് പങ്കെടുത്തെന്ന് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു. ഇവരെക്കുറിച്ച് കൃത്യമായ വിവരം ലഭ്യമായിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കുന്നുണ്ട്.
എന്നാല്‍ ശ്രീനിവാസന്‍ വധ കേസില്‍ ആറ് പ്രതികളെ തിരിച്ചറിഞ്ഞെങ്കിലും ആരെയും ഇതിവരെ കസ്റ്റഡിയിലെടുക്കാന്‍ കഴിഞ്ഞില്ലെന്ന് എഡിജിപി വിജയ് സാഖറെ വ്യക്തമാക്കി.
English Summary:Zubair murder case; Three accused arrested
You may also like this video