Site icon Janayugom Online

സുബൈറിന്റെ അറസ്റ്റ്: ഇന്ത്യക്കെതിരെ ജര്‍മ്മനി: കേസ് റദ്ദാക്കണമെന്ന ഹര്‍ജി സുപ്രീം കോടതിയില്‍

ലോകത്തെ എല്ലാ രാജ്യങ്ങളെയുംപോലെ മാധ്യമ സ്വാതന്ത്ര്യം ഇന്ത്യക്കും ബാധകമാണെന്ന് ജര്‍മ്മന്‍ ആഭ്യന്തര മന്ത്രാലയം. വസ്തുതാന്വേഷണ വെബ്സൈറ്റായ ആള്‍ട്ട് ന്യൂസിന്റെ സഹ സ്ഥാപകന്‍ മുഹമ്മദ് സുബൈറിന്റെ അറസ്റ്റിനെ വിമര്‍ശിച്ചുകൊണ്ടായിരുന്നു ജര്‍മ്മനിയുടെ പ്രതികരണം.
സുബൈറിനെതിരെയുള്ള കേസുകളെക്കുറിച്ച് അറിഞ്ഞുവെന്നും ന്യൂഡൽഹിയിലെ എംബസി ഇത് വളരെ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും ജര്‍മ്മന്‍ വിദേശകാര്യമന്ത്രാലയ വക്താവ് അറിയിച്ചു. ലോകത്തെ തന്നെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായാണ് ഇന്ത്യ അറിയപ്പെടുന്നത്. അതുകൊണ്ടു തന്നെ അഭിപ്രായ സ്വാതന്ത്ര്യം, മാധ്യമ സ്വാതന്ത്ര്യം തുടങ്ങിയ ജനാധിപത്യ മൂല്യങ്ങള്‍ അവിടെ ലഭിക്കുമെന്ന് ഒരു വ്യക്തിക്ക് പ്രതീക്ഷിക്കാമെന്നും വക്താവ് പറഞ്ഞു. മാധ്യമ പ്രവര്‍ത്തകന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് യൂറോപ്യന്‍ യൂണിയന്‍ പങ്കാളികളുമായി ചര്‍ച്ച നടത്തിയെന്നും ജര്‍മ്മനി അറിയിച്ചു.
അതേസമയം ഇത് രാജ്യത്തിന്റെ ആഭ്യന്തര വിഷയമാണെന്നും കോടതിയില്‍ പരിഗണനയിലുള്ള കേസിനെക്കുറിച്ച് അഭിപ്രായം പറയേണ്ടതില്ലെന്നുമാണ് ഇന്ത്യയുടെ പ്രതികരണം. തങ്ങളുടെ നിയമ സംവിധാനം സ്വതന്ത്രമാണ്. വിഷയം സംബന്ധിച്ച ഒരു അഭിപ്രായവും സഹായകമാകില്ലെന്നും കേന്ദ്ര വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു.
യുപി പൊലീസ് ചുമത്തിയ കേസ് റദ്ദാക്കണമെന്ന ആവശ്യവുമായി മുഹമ്മദ് സുബൈര്‍ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്. ചീഫ് ജസ്റ്റിസ് നിര്‍ദ്ദേശിക്കുന്ന ബെഞ്ച് ഹര്‍ജിയില്‍ ഇന്ന് വിശദമായ വാദം കേള്‍ക്കും.

Eng­lish Sum­ma­ry: Zubair’s arrest: India vs Ger­many: Peti­tion to quash case in Supreme Court

You may like this video also

Exit mobile version