“ഈ ലൈറ്റ് കണ്ടോ ഇത് കൊണ്ടുവന്നത് നമ്മുടെ പ്രദീപാ. മാത്രല്ല, നമ്മടെ കൃഷിക്കാർക്ക് പെൻഷൻ കിട്ടീതെപ്പഴാ, ഇവർ വന്നപ്പോ അല്ലെ.. ” ചേലക്കരയിലെ കവലകളിൽ തെരഞ്ഞെടുപ്പ് ചർച്ചകൾ തകർക്കുകയാണ്. എല്ലാ ചർച്ചകളും ചെന്നെത്തുന്നത് യു ആർ പ്രദീപിലേക്കും ഇടതുസര്‍ക്കാരിലേക്കുമാണ്. ഇന്നലെ രാവിലെ ചിറങ്കോണം ഒലിപ്പാറയിൽ നിന്നാണ് ഇടതുപക്ഷ സ്ഥാനാർത്ഥി യു ആർ പ്രദീപിന്റെ മൂന്നാംദിന പര്യടന പരിപാടികൾ ആരംഭിച്ചത്. അനൗൺസ്‌മെന്റിന്റെ ശബ്ദം കേട്ട് പാവക്കുട്ടിയുമായി ഓടിയെത്തിയ കുഞ്ഞിന് മിഠായി നൽകിയാണ് സ്ഥാനാർത്ഥി പര്യടനത്തിന് തുടക്കം കുറിച്ചത്.
ഉദുവടി സെന്ററിൽ ചെണ്ടമേളത്തിന്റെ താളത്തിലാണ് സ്ഥാനാർത്ഥിക്ക് സ്വീകരണം ഒരുക്കിയത്. പാളത്തൊപ്പിയും പഴക്കൂടയും രക്തഹാരങ്ങളുമായി പ്രദീപിനെ സ്വീകരിക്കാൻ ചങ്ങാതിമാരെത്തി. പാഞ്ഞാൾ സെന്ററിലെ സ്വീകരണത്തിനിടെ വിദ്യാർത്ഥികളുമായി വരുന്ന ഓട്ടോക്കാരനോട് വോട്ടഭ്യർത്ഥിച്ച സ്ഥാനാർത്ഥി, നന്നായി പഠിക്കണമെന്നും പരീക്ഷയ്ക്ക് നല്ല മാർക്ക് വാങ്ങണമെന്നും കുട്ടികളോട് പറഞ്ഞു. ഇതിനിടെയാണ് “എന്റെ മോനേ…” എന്നും വിളിച്ച് ഒരു ഉമ്മ ഓടിയെത്തിയത്. മോൻ ജയിക്കും മോനെ എന്നു പറഞ്ഞ് അവർ വിതുമ്പി.
കൊണ്ടാഴിയിൽ തുറന്ന വാഹനത്തിൽ പോകുന്ന സ്ഥാനാർത്ഥിയെ കണ്ട തൊഴിലുറപ്പ് തൊഴിലാളികൾ പ്രചരണ വാഹനത്തിനരികിലെത്തി. കുടുംബങ്ങൾ പട്ടിണിയാകാതെ കാത്ത എൽഡിഎഫിന് തന്നെയാണ് വോട്ടെന്ന് അവർ പറഞ്ഞു. കൊണ്ടാഴിയിലെ സ്വീകരണ പരിപാടികളിൽ മുൻ മന്ത്രി വി എസ് സുനിൽ കുമാർ, സിപിഐ സംസ്ഥാന കൗൺസിൽ അംഗം കെ പി സന്ദീപ്, ജില്ലാ കൗൺസിൽ അംഗം അരുൺ കാളിയത്ത്, സിപിഐ(എം) നേതാക്കളായ കെ ഡി ബാബു, മഞ്ജുള അരുണൻ, കെ എഫ് ഡേവിസ്, എഐവൈഎഫ് ജില്ലാ സെക്രട്ടറി പ്രസാദ് പറേരി, കെ എസ് ദിനേശ്, ശ്രീജ സത്യൻ എന്നിവർ പങ്കെടുത്തു. സെന്ററിലെത്തിയപ്പോൾ കുട്ടിക്കൂട്ടത്തിനൊപ്പം കിടിലനൊരു സെൽഫിയും പാസാക്കി പ്രദീപും സംഘവും യാത്ര തുടർന്നു.
ചോലമക്കാവ്, ശ്രീപുഷ്കരംകുളം, ആൽത്തറ, മരുതംകാട്, മീനാ നഗർ, പൈങ്കുളം പാറക്കടവ്, വാഴാലിപ്പാടം ഗ്രൗണ്ട്, തൊഴൂർപാടം സ്കൂൾ പരിസരം എന്നിവിടങ്ങളിൽ തണ്ണിമത്തനും ഓറഞ്ചുമൊക്കെയായാണ് നാട്ടുകാർ വരവേറ്റത്. കുഞ്ഞുങ്ങൾക്ക് മിഠായികളും പൂക്കളും നൽകി സ്ഥാനാർത്ഥി. പൂവത്താണി, വട്ടപ്പറമ്പ്, പൊറ്റാരം, മംഗലംകുന്ന്, കണ്ടംകുളം കേന്ദ്രങ്ങളിലും നിറയെ പേരാണ് പ്രദീപിനെ കാണാനും പരിചയം പുതുക്കാനും പിന്തുണയറിയിക്കാനുമായി എത്തിയത്.
രാത്രി ഏറെ വൈകിയാണ് മങ്ങാട് മൂന്നാംദിന പര്യടനം സമാപിച്ചത്. ആവേശമൊട്ടും ചോരാതെ നാട്ടുകാരും സ്ഥാനാർത്ഥിക്കൊപ്പം ഉണ്ടായിരുന്നു. 96 മുതൽ ഇടതുപക്ഷത്തെ ചേർത്തുപിടിച്ച നാടാണ് ചേലക്കര. ആരൊക്കെ വന്നാലും പോയാലും ചേലക്കരയുടെ പക്ഷം ‘ഇടതു ‘തന്നെയാണെന്ന് ഓരോ ദിവസത്തെയും പര്യടനം പൂർത്തിയാക്കുമ്പോൾ ബോധ്യപ്പെടുകയാണ്. ഓരോരുത്തരും പങ്കുവയ്ക്കുന്ന സ്നേഹമാണ് തന്നെ നയിക്കുന്നതെന്ന് യു ആർ പ്രദീപ് പറയുന്നു.