Site icon Janayugom Online

ഗുളിക രൂപത്തിൽ പോഷണം; കപ്പകൃഷിയിൽ പുതിയ പരീക്ഷണവുമായി എം.ജി.

കപ്പകൃഷി കൂടുതൽ ആദായകരമാക്കുന്നതിനും രാസവളവും കീടനാശിനിയും മൂലമുള്ള മണ്ണിന്റെയും ജലത്തിന്റേയും മലിനീകരണം പരമാവധി കുറയ്ക്കുന്നതനും സഹായകമായ പുതിയ കൃഷി സമ്പ്രദായം വികസിപ്പിച്ചെടുക്കുന്നതിനുള്ള പരിശ്രമത്തിലാണ് മഹാത്മാഗാന്ധി സർവ്വകലാശാല. കപ്പച്ചെടിക്കാവശ്യമായ വളവും കീട നിയന്ത്രണത്തിനുള്ള പദാർത്ഥങ്ങളും സമാകൃതമായ അളവിൽ ഉൾപ്പെടുത്തി ഗുളിക രൂപത്തിൽ നൽകുന്നതിനുള്ള ഗവേഷണ — പരീക്ഷണങ്ങൾ റഷ്യയിലെ സൈബീരിയൻ ഫെഡറൽ യൂണിവേഴിസിറ്റിയുമായി സഹകരിച്ചാണ് മുന്നേറുന്നത്. കപ്പ നടുന്നത് മുതൽ വളർച്ചയുടെ വിവിധ ഘട്ടങ്ങളിൽ ഗുളിക കപ്പച്ചുവട്ടിൽ ചെറിയ കുഴിയെടുത്ത് നിക്ഷേപിക്കുകയാണ് ഈ വേറിട്ട കൃഷി രീതിയിൽ ചെയ്യുന്നത്. കപ്പ കൃഷിയിലെ കുമിൾ രോഗം നിയന്ത്രിക്കുന്നതിന് ഗുളികകൾ വളരെ ഫലപ്രദമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
മഹാത്മാഗാന്ധി സർവ്വകലാശാല കാമ്പസിൽ ഇതിനായി മരച്ചീനി കൃഷിയും നടക്കുന്നുണ്ട്. സൈബീരിയയിൽ സമാന രീതി ഉരുളക്കിഴങ്ങ് കൃഷിയിൽ ഉപയോഗിച്ചു വരുന്നതായി ഗവേഷണ പ്രവർത്തനങ്ങൾക്കായി സൈബീരിയയിൽ നിന്ന് കോട്ടയത്ത് എത്തിയിട്ടുള്ള ശാസ്ത്രജ്ഞരായ അലക്‌സിയ ദുഡേവ്, നസേഷ്ഡ സ്‌ട്രെൽസോവ എന്നിവർ പറഞ്ഞു. ഗവേഷകരായ ബ്ലസ്സി ജോസഫും ജിത്തു കിരൺ പ്രകാശും മഹാത്മാഗാന്ധി സർവ്വകലാശാലയിൽ നിന്നും ഈ പരീക്ഷണ കൃഷിയിൽ പങ്ക് ചേരുന്നുണ്ട്. മെഗാ ഗ്രാന്റ് റഷ്യ എന്ന പേരിൽ 9.5 കോടി രൂപ ധനസഹായത്തോടെയുള്ള ഈ പദ്ധതി ആശാവഹമായി പുരോഗമിക്കുകയാണെന്ന് വൈസ് ചാൻസലർ പ്രൊഫ. സാബു തോമസ് പറഞ്ഞു. ചെലവ് കുറഞ്ഞ കൃഷി രീതിയെന്ന പ്രത്യേകതയും ഇതിനുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ഫോട്ടോ ക്യാപ്ഷൻ: സൈബീരിയൻ സർവ്വകലാശാലയിൽ നിന്നുള്ള ഗവേഷകരായ അലക്‌സിയ ദുഡേവ്, നസേഷ്ഡ സ്‌ട്രെൽസോവ എന്നിവർ എം.ജി. സർവ്വകലാശാല ക്യാമ്പസിലെ കൃഷിത്തോട്ടത്തിൽ

Exit mobile version