തിരുവനന്തപുരത്ത് വൻ എംഡിഎംഎ വേട്ട. സംഭവുമായി ബന്ധപ്പെട്ട് നാലുപേര്‍ ഡാന്‍സാഫിന്റെ പിടിയിലായി. വിദേശത്തുനിന്ന് കടത്തിക്കൊണ്ടുവന്ന എംഡിഎംഎ ആണ് പിടിച്ചെടുത്തത്. വ്യാഴാഴ്ച പുലര്‍ച്ചെ ഒന്നരമണിയോടെയാണ് സംഭവം. ഒന്നരക്കിലോ എംഡിഎംഎ ആണ് പിടികൂടിയത്. തിരുവനന്തപുരം കല്ലമ്പലം മാവിന്‍മൂട് വലിയകാവ് സ്വദേശികളില്‍ നിന്നാണ് എംഡിഎംഎ പിടികൂടിയത്. സഞ്ജു, നന്ദു എന്നിവരും മറ്റു രണ്ടുപേരുമാണ് ആണ് പിടിയിലായത്. സഞ്ജു എന്നയാളാണ് വിദേശത്തുനിന്ന് ലഹരിയുമായി തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയതെന്നാണ് വിവരം. മറ്റുമൂന്നുപേര്‍ വിമാനത്താവളത്തിലെത്തിയവരായിരുന്നു. 4 കോടിയിലധികം വിലവരുന്ന ലഹരി വസ്തുക്കളാണിത് .
പിടിയിലായ പ്രതികള്‍ അടുത്തിടെ വിദേശസന്ദര്‍ശനം നടത്തിയിരുന്നു. സഞ്ജു ഈ മാസം ആദ്യയാഴ്ചയും നന്ദു കഴിഞ്ഞമാസവുമാണ് വിദേശത്തേക്ക് പോയത്. കസ്റ്റംസിന്റെ കയ്യില്‍പ്പെടാതെ ലഹരി എങ്ങനെ പുറത്തെത്തിച്ചു എന്നതിലടക്കം സംശയം ഉയരുന്നുണ്ട്.വിമാനത്താവളം മുതല്‍ തന്നെ പോലീസ് നിരീക്ഷണത്തിലായിരുന്നു ഇവര്‍. സഞ്ചരിച്ച ഇന്നോവ കാര്‍ പോലീസ് കൈകാണിച്ചെങ്കിലും നിര്‍ത്താതെ പോകുകയായിരുന്നു. പിന്തുടര്‍ന്ന് വാഹനം തടഞ്ഞ് നടത്തിയ പരിശോധനയിലാണ് എംഡിഎംഎ കണ്ടെത്തുന്നത്. ഈന്തപ്പഴം പൊതിഞ്ഞ് കൊണ്ടുവന്ന ബാഗേജിനുള്ളിലാണ് എംഡിഎംഎ സൂക്ഷിച്ചിരുന്നത്.

