മീനച്ചിലാറ്റിൽ വട്ടമ്മൂട് പാലത്തിനു സമീപം വെള്ളത്തിൽ വീണ് യുവാവ് മരിച്ചു. പുതുപ്പള്ളി മാങ്ങാനം സ്വദേശിയായ ബിജുവിന്റെ മകൻ വിഷ്ണു (22)ആണ് മരിച്ചത്. വിഷ്ണുവിന്റെ മൃതദേഹം അഗ്നിരക്ഷാ സേന വെള്ളത്തിൽ നിന്നും പുറത്തെടുത്ത് മെഡിക്കൽ കോളേജ് ആശുപത്രി അത്യാഹിത വിഭാഗത്തിലേയ്ക്കു മാറ്റി.
കോട്ടയം മീനച്ചിലാറ്റിൽ കൊശമറ്റം കടവിൽ ഞായറാഴ്ച വൈകിട്ട് മൂന്നരയോടെയായിരുന്നു അപകടം. വിഷ്ണുവും സുഹൃത്തുക്കളായ അജോയ്, ദിലീപ്, വിശ്വം എന്നിവരും ചേർന്നാണ് കുളിക്കാനായി മീനച്ചിലാറ്റിലെത്തിയത്. തുടർന്നു, കുളിക്കാൻ വെള്ളത്തിൽ ഇറങ്ങിയതോടെ വിഷ്ണുവിനെ കാണാതാകുകയായിരുന്നു. വെള്ളത്തിൽ മുങ്ങിയതോടെയാണ് വിഷ്ണുവിന് നീന്തൽ അറിയില്ലെന്ന് സുഹൃത്തുക്കൾ തിരിച്ചറിഞ്ഞത്.
ഇവർ രക്ഷപെടുത്താൻ ശ്രമിച്ചെങ്കിലും മുങ്ങിത്താഴുകയായിരുന്നു. തുടർന്നു, സുഹൃത്തുക്കൾ അഗ്നിരക്ഷാ സേനയിൽ വിവരം അറിയിച്ചു. ഇതേ തുടർന്നു കോട്ടയം അഗ്നിരക്ഷാ സേനാ അധികൃതർ സ്ഥലത്ത് എത്തി. തുടർന്നു നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജിൽ.