യുഡിഎഫ് തീരുമാനത്തിനായി ഒരു പകൽ കൂടി കാത്തിരിക്കുന്നതിനാൽ സ്ഥാനാർത്ഥി പ്രഖ്യാപനം നീട്ടി അൻവർ.
തൃണമൂല്‍ കോണ്‍ഗ്രസിനെ യുഡിഎഫ് ഘടകക്ഷിയാക്കിയില്ലെങ്കിൽ ഇന്ന് സ്ഥാനാർത്ഥിത്വം പ്രഖ്യാപിക്കുമെന്നാണ് നേരത്തെ പിവി അൻവര്‍ തീരുമാനിച്ചിരുന്നത്. പ്രഖ്യാപനം നടത്താൻ ഇന്ന് രാവിലെ ഒമ്പതിന് വിളിച്ച വാര്‍ത്താസമ്മേളനത്തിലാണ് അൻവർ മലക്കം മറിഞ്ഞത്. യുഡിഎഫിലെ ഉന്നത നേതാക്കൾ വിളിച്ച് ഒരു പകൽ കൂടി വെയിറ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു.
സമൂഹത്തിലെ പ്രധാനപ്പെട്ട സാമുദായിക നേതാക്കളും യുഡിഎഫിന്റെ ഉത്തരവാദിത്വപെട്ട നേതാക്കളും ചില സാമൂഹിക നേതാക്കളും വിളിച്ചിരുന്നു. അവരെല്ലാം ഒരു പകൽ കൂടി നിങ്ങള്‍ കാത്തിരിക്കണമെന്ന് ആവശ്യപ്പെട്ടത്. പികെ കുഞ്ഞാലിക്കുട്ടിയടക്കമുള്ള മുസ്ലിം ലീഗ് നേതാക്കളും കോണ്‍ഗ്രസിന്റെ ഉത്തരവാദിത്വപ്പെട്ട നേതാക്കളും ഇപ്പോള്‍ പ്രഖ്യാപനം നടത്തരുതെന്ന് പറഞ്ഞിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ എന്തിനാണോ ഇപ്പോ വാര്‍ത്താസമ്മേളനം വിളിച്ചത് അക്കാര്യം ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നില്ലെന്നും പിവി അൻവര്‍ പറഞ്ഞു. ഇത്രയധികം ആളുകള്‍ കാത്തിരിക്കണമെന്ന് പറയുമ്പോള്‍ അത് മുഖവിലക്കെടുക്കാതിരിക്കാൻ കഴിയില്ല. അവര്‍ പറഞ്ഞ കാര്യം മുഖവിലക്കെടുത്തുകൊണ്ട് പറയാൻ വിചാരിച്ച കാര്യങ്ങള്‍ തൽക്കാലം മാറ്റിവെക്കുകയാണെന്ന് പിവി അൻവര്‍ പറഞ്ഞു.

