Site icon Janayugom Online

വാവസുരേഷിന്റെ ആരോഗ്യനിലയിൽ ആശാവഹമായ പുരോഗതി

കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന വാവസുരേഷിന്റെ ആരോഗ്യനിലയിൽ ആശാവഹമായ പുരോഗതി എന്ന് ഡോക്ടർമാർ. ചൊവ്വാഴ്ച പുലർച്ചെ പ്രതികരണ ശേഷി വീണ്ടെടുത്തു തുടങ്ങിയ അദ്ദേഹം വൈകുന്നേരത്തോടെ വീണ്ടും പൂർവ്വ സ്ഥിതിയിലായിരുന്നു. ഇന്നലെ രാവിലെയും തൽ സ്ഥിതി തുടർന്നങ്കിലും ഉച്ചയോടെ വീണ്ടും ആരോഗ്യ സ്ഥിതിയിൽ കാര്യമായ പുരോഗതിയുണ്ടായെന്ന് ആശുപത്രി സൂപ്രണ്ട് ഡോ കെ പി ജയകുമാർ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. പ്രതികരണ ശേഷി വീണ്ടെടുത്ത സ്ഥിതിയിലാണ് ഇപ്പോൾ വാവ സുരേഷ്.
നിലവിൽ വെന്റിലേറ്റർ സഹായം തുടരുകയാണ്. മരുന്നുകളോട് ശരീരം പ്രതികരിക്കുന്ന രീതി അനുസരിച്ച് ചിലപ്പോൾ ഒരാഴ്ചവരെ വെന്റിലേറ്റർ സഹായം വേണ്ടി വന്നേക്കാം. ഹൃദയമിടിപ്പും രക്തസമ്മർദ്ദവും സാധാരണ നിലയിലാണ്. ആന്റിവെനം ചികിത്സ തുടരുന്നുണ്ടെന്നും ഡോക്ടർ വ്യക്തമാക്കി. ശരീരത്തിന്റെ പ്രതികരണ ശേഷി അനുസരിച്ച് ഡോസ് നിർണ്ണയിക്കും. എന്നിരുന്നാലും അടുത്ത 48മണിക്കൂർ നിർണായകമാണന്നും ഡോക്ടർ ചൂണ്ടിക്കാട്ടി. വെന്റിലേറ്റർ പൂർണ്ണമായും നീക്കിയശേഷം 24 മണിക്കൂർ കഴിഞ്ഞാൽ മാത്രമേ അപകടാവസ്ഥ പൂർണ്ണമായും തരണം ചെയ്തു എന്ന് പറയാനാവൂ.
ഹൃദയസ്തംഭനംമൂലം തലച്ചോറിനു ആഘാതം ഉണ്ടായോ എന്ന് പരിശോധിക്കണം. തലച്ചോറിന്റെ പ്രവർത്തനം വിലയിരുത്തി വരുന്നുവെന്നും ഡോക്ടർ പറഞ്ഞു. കൈകാലുകളിലെ പേശികളുടെ ശേഷി പൂർണ്ണമായും തിരിച്ചുകിട്ടിയിട്ടില്ല. പേശികളുടെ ചലനത്തിനായി ഫിസിയോ തെറാപ്പി ആരംഭിച്ചു. ആവശ്യമായ ന്യൂട്രീഷൻ സപ്പോർട്ടും നൽകുന്നുണ്ട്. മൂക്കിൽ ഘടിപ്പിച്ചിരിക്കുന്ന ട്യൂബിലൂടെ ദ്രവ രൂപത്തിലുള്ള ഭക്ഷണവും നൽകി വരുന്നുണ്ട്.

Exit mobile version