മണിപ്പൂരില്‍ 10 കുക്കി സോ യുവാക്കള്‍ കൊല്ലപ്പെട്ടത് വ്യാജ ഏറ്റുമുട്ടലിലെന്ന് സൂചന നല്‍കി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. പിന്നില്‍ നിന്ന് വെടിയേറ്റാണ് പത്തുപേരും കൊല്ലപ്പെട്ടത്. ഓരോരുത്തര്‍ക്കും നിരവധി തവണ വെടിയേറ്റിട്ടുണ്ട്. നാല് പേരുടെ ഓരോ കണ്ണുകള്‍ വീതം ചൂഴ്ന്നെടുത്ത നിലയിലായിരുന്നു. ഏറ്റുമുട്ടലിനിടെ കൊല്ലപ്പെട്ടുവെന്ന പൊലീസിന്റെ അവകാശവാദങ്ങള്‍ തള്ളിക്കളയുന്നതാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.
കഴിഞ്ഞ മാസം 11നാണ് ജിരിബാമിലെ സിആര്‍പിഎഫ് ക്യാമ്പിനു നേരെ അക്രമം നടത്തിയ കുക്കി യുവാക്കളെ സൈന്യം വെടിവച്ച് കൊലപ്പെടുത്തിയത്. കൊല്ലപ്പെട്ടവരില്‍ ഒരാള്‍ പ്രായപൂര്‍ത്തിയാകാത്തയാളാണ്. ആക്രമികള്‍ സിആര്‍പിഎഫിന് നേരെ വെടിവയ്പ് നടത്തിയതായും ഇവരുടെ പക്കല്‍ നിന്നും ആയുധങ്ങള്‍ പിടിച്ചെടുത്തതായും മണിപ്പൂര്‍ പൊലീസ് ആരോപിച്ചിരുന്നു. കൊല്ലപ്പെട്ട ആറ് പേരുടെ മൃതദേഹം നവംബര്‍ 12 നും ബാക്കി മൃതദേഹങ്ങള്‍ 14നുമായിരുന്നു അസമിലെ സില്‍ച്ചാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിനെത്തിച്ചത്. വൈകി എത്തിച്ച നാല് മൃതദേഹങ്ങളും അഴുകി തുടങ്ങിയ അവസ്ഥയിലായിരുന്നെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.
സിആര്‍പിഎഫ് വ്യാജ ഏറ്റുമുട്ടല്‍ സൃഷ്ടിച്ച് കുക്കികളെ കൊലപ്പെടുത്തിയെന്ന ആരോപണവും ഉയര്‍ന്നു വരുന്നുണ്ട്. അതേ സമയം പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് വൈകിയെന്നാരോപിച്ച് കുക്കി-സോ സംഘടനയായ ഇന്‍ഡീജീനസ് ട്രൈബല്‍ ലീഡേഴ്സ് ഫോറം (ഐടിഎല്‍എഫ്) പ്രതിഷേധിച്ചു. കൊല്ലപ്പെട്ട കുക്കികളെല്ലാം സന്നദ്ധപ്രവര്‍ത്തകരാണെന്നാണ് ഐടിഎല്‍എഫിന്റെ വാദം. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ ഈ വാദം തള്ളി രംഗത്തെത്തി. ഇവരുടെ മൃതദേഹങ്ങള്‍ വ്യാഴാഴ്ച സംസ്കരിക്കും. കഴിഞ്ഞ വര്‍ഷം പൊട്ടിപ്പുറപ്പെട്ട വംശീയ കലാപത്തില്‍ 250ഓളം പോര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.