‘മേയ്ക്ക് ഇൻ ഇന്ത്യ’ പദ്ധതിയുടെ ഭാഗമായി വലിയ പ്രഖ്യാപനങ്ങളോടെ തുടങ്ങിയ അഡ്വാൻസ്ഡ് കെമിസ്ട്രി സെൽ (എസിസി) പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെന്റീവ് (പിഎല്‍ഐ) പദ്ധതി പരാജയത്തിലേക്ക്. 1.03 ദശലക്ഷം (10.3 ലക്ഷം) തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് കേന്ദ്ര സർക്കാർ വാഗ്ദാനം നൽകിയിരുന്ന പദ്ധതിയിലൂടെ ഇതുവരെ ലഭിച്ചത് കേവലം 1,118 തൊഴിലവസരങ്ങൾ മാത്രം. അതായത് ലക്ഷ്യമിട്ടതിന്റെ വെറും 0.12%. തൊഴിലവസരങ്ങൾക്കൊപ്പം വൻതോതിലുള്ള നിക്ഷേപവും പദ്ധതിയുടെ ലക്ഷ്യമായിരുന്നു. 11,250 കോടി രൂപയുടെ നിക്ഷേപം സമാഹരിക്കാൻ ലക്ഷ്യമിട്ടിരുന്ന സ്ഥാനത്ത് ഇതുവരെ എത്തിയത് 2,870 കോടി രൂപ മാത്രമാണെന്ന് ജെഎംകെ റിസർച്ചും ഐഇഇഎഫ്എയും നടത്തിയ സംയുക്ത സർവേ വ്യക്തമാക്കുന്നു. 2021 ഒക്ടോബറിൽ പ്രഖ്യാപിച്ച പദ്ധതി നാല് വർഷം പിന്നിടുമ്പോള്‍ 26% നിക്ഷേപം മാത്രമാണ് കൈവരിക്കാനായത്.
ബാറ്ററി സെല്ലുകളുടെ ഇറക്കുമതി 100 ശതമാനവും ഒഴിവാക്കി ഇന്ത്യയെ ഈ മേഖലയിൽ സ്വയംപര്യാപ്തമാക്കുക എന്നതായിരുന്നു പദ്ധതിയുടെ കാതൽ. എന്നാൽ ചൈനീസ് വിസ പ്രതിസന്ധി അടക്കമുള്ള കാരണങ്ങൾ പദ്ധതിയുടെ വേഗത കുറച്ചു. ലിഥിയം ബാറ്ററി നിർമ്മാണത്തിനുള്ള യന്ത്രങ്ങൾ ഇൻസ്റ്റാൾ ചെയ്യാനും സാങ്കേതിക സഹായത്തിനുമായി ചൈനീസ് വിദഗ്ധരെ ആശ്രയിക്കേണ്ടതുണ്ട്. എന്നാൽ ഇവർക്ക് വിസ അനുവദിക്കുന്നതിലെ കർശന നിയന്ത്രണങ്ങളും കാലതാമസവും നിർമ്മാണ യൂണിറ്റുകളുടെ പ്രവർത്തനം തുടങ്ങുന്നത് വൈകിപ്പിച്ചു.
ആഭ്യന്തര മൂല്യവര്‍ധനവ് സംബന്ധിച്ച കടുപ്പമേറിയ നിയമങ്ങളും രണ്ട് വർഷത്തിനുള്ളിൽ പ്ലാന്റുകൾ സജ്ജമാക്കണമെന്ന നിബന്ധനയും കമ്പനികൾക്ക് വലിയ വെല്ലുവിളിയായി. 2025 ഒക്ടോബർ വരെ 2,900 കോടി രൂപ പ്രോത്സാഹന തുകയായി വിതരണം ചെയ്യാൻ നിശ്ചയിച്ചിരുന്നെങ്കിലും ഇതുവരെ ഒരു രൂപ പോലും നൽകാൻ സർക്കാരിന് സാധിച്ചിട്ടില്ല. നിലവിൽ ഇന്ത്യയിലെ ബാറ്ററി സെൽ ഇറക്കുമതി ഇപ്പോഴും ഏതാണ്ട് പൂര്‍ണമായും വിദേശ രാജ്യങ്ങളെ ആശ്രയിച്ചാണ്. ഓല ഇലക്ട്രിക് മാത്രമാണ് നിശ്ചിത സമയപരിധിക്കുള്ളിൽ പ്ലാന്റ് കമ്മിഷൻ ചെയ്ത ഏക കമ്പനി. റിലയൻസ് ഉൾപ്പെടെയുള്ള മറ്റ് കമ്പനികൾ ഇപ്പോഴും നിർമ്മാണ ഘട്ടത്തിലാണ്. ചൈനീസ് സാങ്കേതിക വിദ്യയെയും വിദഗ്ധരെയും മാറ്റിനിർത്തിക്കൊണ്ടുള്ള പദ്ധതിയുടെ പ്രായോഗികതയെക്കുറിച്ച് സാമ്പത്തിക വിദഗ്ധർ ഇപ്പോഴും ചോദ്യങ്ങൾ ഉന്നയിക്കുന്നുണ്ട്.

