ഡിസംബറിൽ പെയ്ത മഴ വില്ലനാകുമ്പോൾ കേരളത്തിൽ 10 ദിവസത്തിനിടെ പൊലിഞ്ഞത് 10 ജീവൻ. ആലപ്പുഴ കളർകോടും പാലക്കാട് പനയമ്പാടത്തും നടന്ന ദുരന്തങ്ങൾ മലയാളികളുടെ കണ്ണ് നനയിച്ചു. സെക്കന്റ് ഷോ കാണുവാനായി പോയ 6 ഒന്നാം വർഷ എംബിബിഎസ് വിദ്യാർത്ഥികളാണ് ആലപ്പുഴയിലെ അപകടത്തിൽ മരിച്ചത് . സ്കൂളിൽനിന്ന് റോഡരികിലൂടെ വീട്ടിലേക്ക് നടന്നുപോവുകയായിരുന്ന സുഹൃത്തുക്കളും സഹപാഠികളുമായ 4 എട്ടാം ക്ലാസ് വിദ്യാർത്ഥിനികളാണ് പാലക്കാട് പനയമ്പാടത്ത് ഓർമയായത് . രണ്ട് അപകടങ്ങൾ നടന്നപ്പോഴും മഴ പെയ്‌തിരുന്നു .ഡിസംബർ രണ്ടിന് രാത്രി 9.30ഓടെയായിരുന്നു ആലപ്പുഴയിലെ അപകടം. വണ്ടാനം മെഡിക്കൽ കോളജിലെ ഒന്നാം വർഷ വിദ്യാർത്ഥികൾ വാടകക്കെടുത്ത ടവേര വാഹനത്തില്‍ സെക്കൻഡ് ഷോയ്ക്ക് ആലപ്പുഴയിലേക്ക് പോവുകയായിരുന്നു. ഇവർ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം തെറ്റി എതിരെ വന്ന കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസിലേക്ക് ഇടിച്ചു കയറുകയായിരുന്നു. കാർ വെട്ടിപ്പൊളിച്ചാണ് വിദ്യാർത്ഥികളെ പുറത്തെടുത്തത്.
പാലക്കാട് സ്വദേശി ശ്രീദേവ് വത്സൻ, മലപ്പുറം കോട്ടക്കൽ സ്വദേശി ദേവനന്ദൻ, കണ്ണൂർ സ്വദേശി മുഹമ്മദ് അബ്ദുൽ ജബ്ബാർ, ലക്ഷദ്വീപ് സ്വദേശി മുഹമ്മദ് ഇബ്രാഹിം, കോട്ടയം സ്വദേശി ആയുഷ് ഷാജി എന്നിവർ അന്നുതന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന എടത്വ സ്വദേശി ആല്‍വിൻ ഡിസംബർ അഞ്ചിന് വിടപറഞ്ഞു. ഒന്നാം വർഷ മെഡിക്കൽ വിദ്യാർത്ഥികളായ 11പേരാണ് വാഹനത്തിലുണ്ടായിരുന്നത്. തിരുവനന്തപുരം മരിയനാട് സ്വദേശിയായ ഷെയ്ൻ ഡെൻസ്റ്റൻ പരിക്കേൽക്കാതെ അദ്ഭുതകരമായി രക്ഷപ്പെട്ടു. കാറിലുണ്ടായിരുന്ന മറ്റുള്ളവർ ചികിത്സയിൽ തുടരുകയാണ്. മഴപെയ്തപ്പോൾ ഉണ്ടായ റോഡിലെ വെള്ളവും വെളിച്ചക്കുറവും അപകടത്തിന് കാരണമായതായി റിപ്പോർട്ടിൽ പറയുന്നു. മാത്രമല്ല വാഹനം ഓടിച്ചയാൾക്ക് അഞ്ചുമാസം മുമ്പാണ് ലൈസൻസ് ലഭിച്ചത്. മഴയത്ത് വാഹനം തെന്നിയപ്പോൾ വാഹനം നിയന്ത്രിക്കാൻ സാധിച്ചില്ല.
14 വർഷം പഴക്കമുള്ള വാഹനത്തിൽ ആന്റി ലോക്ക് ബ്രേക്കിംഗ് സിസ്റ്റം, ഇലക്ട്രോണിക് ബ്രേക്ക് ഡിസ്ട്രിബ്യൂഷൻ എന്നീ സുരക്ഷാസംവിധാനങ്ങൾ ഇല്ലാത്തതിനാൽ വാഹനം ബ്രേക്ക് ചെയ്തപ്പോൾ തെന്നി നീങ്ങി നിയന്ത്രിണം നഷ്ടപ്പെട്ടത് അപകടത്തിന്റെ തീവ്രത കൂട്ടി എന്നും റിപ്പോർട്ടിൽ പറയുന്നു. മോട്ടോർ വാഹന വകുപ്പ് ട്രാൻസ്പോർട്ട് കമ്മിഷണർക്ക് സമർപ്പിച്ച റിപ്പോർട്ടിലാണ് അപകടത്തിന്റെ കാരണങ്ങൾ വ്യക്തമാക്കുന്നത്. പാലക്കാട് കരിമ്പ പനയമ്പാടത്ത് പരീക്ഷകഴിഞ്ഞ് മടങ്ങിയ സ്കൂൾ വിദ്യാർത്ഥിനികളുടെ മുകളിലേക്ക് നിയന്ത്രണം നഷ്ടപ്പെട്ട ചരക്കുലോറി മറിഞ്ഞാണ് നാലു കുട്ടികൾ മരിച്ചത്. കരിമ്പ ഗവ. ഹയർസെക്കൻഡറി സ്കൂൾ എട്ടാംക്ലാസ് വിദ്യാർത്ഥിനികളായ കരിമ്പ ചെറൂളി പേട്ടേത്തൊടിവീട്ടിൽ റാഫീഖിന്റെ മകൾ റിദ (13), പള്ളിപ്പുറം വീട്ടിൽ അബ്ദുൾ സലാമിന്റെ മകൾ ഇർഫാന ഷെറിൻ (13), കവുളേങ്ങൽ വീട്ടിൽ സലീമിന്റെ മകൾ നിത ഫാത്തിമ (13), അത്തിക്കൽ വീട്ടിൽ ഷറാഫുദ്ദീന്റെ മകൾ അയിഷ (13) എന്നിവരാണ് മരിച്ചത്. സംഭവ സമയം മഴ പെയ്‌തിരുന്നു .പരിക്കേറ്റ കാസർഗോഡ് സ്വദേശികളായ ലോറി ഡ്രൈവർ വർഗീസ്(51), ക്ലീനർ മഹേന്ദ്രപ്രസാദ്(28) എന്നിവർ മണ്ണാർക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ പൊലീസ് നിരീക്ഷണത്തിൽ ചികിത്സയിലാണ്. ഓടിക്കൂടിയ നാട്ടുകാരും പൊലീസും മണ്ണാർക്കാടും കോങ്ങാടും നിന്നെത്തിയ അഗ്നിരക്ഷാസേനയും ചേർന്ന് ചാലിന്റെ വശങ്ങൾ വെട്ടിയൊതുക്കിയാണ് കുട്ടികളെ പുറത്തെടുത്തത്.