ഇന്‍ഷുറന്‍സ് മേഖലയില്‍ നേരിട്ടുള്ള വിദേശനിക്ഷേപ പരിധി (എഫ്ഡിഐ) 100 ശതമാനമാക്കി ഉയര്‍ത്താന്‍ കേന്ദ്ര സര്‍ക്കാര്‍. ഇന്‍ഷുറന്‍സ് നിയമഭേദഗതികളെക്കുറിച്ച് ധനമന്ത്രാലയം അഭിപ്രായം തേടി. ഡിസംബര്‍ 10നകം അഭിപ്രായങ്ങള്‍ അറിയിക്കണം. രാജ്യത്ത് ഇന്‍ഷുറന്‍സ് പരിരക്ഷ മെച്ചപ്പെടുത്തുന്നതിന് 100 ശതമാനം വിദേശ നിക്ഷേപം സഹായിക്കുമെന്നാണ് ന്യായീകരണം.
വിദേശ കമ്പനികള്‍ക്ക് നേരിട്ട് വിപണിയില്‍ പ്രവേശിക്കാനും സ്വതന്ത്രമായി പ്രവര്‍ത്തിക്കാനും അനുമതി നല്‍കാനാണ് നീക്കം. ഒന്നിലധികം കമ്പനികളില്‍ നിന്നുള്ള പോളിസികള്‍ വില്‍ക്കാന്‍ വ്യക്തിഗത ഇന്‍ഷുറന്‍സ് ഏജന്റുമാരെ അനുവദിക്കും. ഒരു ലൈഫ് ഇന്‍ഷുറന്‍സ് കമ്പനിയുടെയും ഒരു ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനിയുടെയും പോളിസികള്‍ വില്‍ക്കാനാണ് നിലവില്‍ അനുമതി.
വിദേശനിക്ഷേപം 74ല്‍ നിന്ന് 100 ശതമാനമായി ഉയര്‍ത്തുന്നതിനായി ഇന്‍ഷുറന്‍സ് നിയമം, ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍ നിയമം, ഇന്‍ഷുറന്‍സ് റഗുലേറ്ററി ഡവലപ്‌മെന്റ് അതോറിട്ടി നിയമം എന്നിവ ഭേദഗതി ചെയ്യാനാണ് നീക്കം. 2021ലാണ് 49 ശതമാനത്തില്‍ നിന്ന് 74 ആയി ഉയര്‍ത്തിയത്. ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്റ് ഡെവലപ്മെന്റ് അതോറിട്ടിയുമായും വ്യവസായവുമായി ബന്ധപ്പെട്ടവരുമായും കൂടിയാലോചിച്ച് മേഖലയെ നിയന്ത്രിക്കുന്ന നിയമനിര്‍മ്മാണ ചട്ടത്തിന്റെ സമഗ്ര അവലോകനം നടത്തിയെന്ന് സര്‍ക്കാര്‍ പറയുന്നു.