Site iconSite icon Janayugom Online

വടക്കുകിഴക്കന്‍ വ്യവസായവല്‍ക്കരണം: കേന്ദ്രം പാഴാക്കിയത് 10,037 കോടി

രാജ്യത്തെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ വ്യവസായവല്‍ക്കരണം ലക്ഷ്യമിട്ട് മോഡി സര്‍ക്കാര്‍ ആരംഭിച്ച ഉന്നതി പദ്ധതിയിലും കോടികളുടെ ഫണ്ട് പാഴാക്കി കേന്ദ്ര സര്‍ക്കാര്‍. പദ്ധതി ആരംഭിച്ച് ഒരുവര്‍ഷം പിന്നിട്ടിട്ടും കേന്ദ്രമന്ത്രിസഭ അംഗീകരിച്ച 10,037 കോടി രൂപയാണ് ചെലവഴിക്കാതെ പാഴാക്കിയത്.
2024 ഫെബ്രുവരി 25ന് അസമിലെ ഗുവാഹട്ടില്‍ സംസ്ഥാന സര്‍ക്കാരിന്റെ സുപ്രധാന പദ്ധതിയായ അഡ്വാന്റേജ് അസം 2.0 ഉദ്ഘാടന വേളയിലാണ് ഉത്തര്‍ പൂര്‍വ പരിവര്‍ത്തന്‍ വ്യവസായവല്‍ക്കരണ (ഉന്നതി) പദ്ധതി പ്രഖ്യാപിച്ചത്. അസം അടക്കമുള്ള വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ വ്യവസായം, നിക്ഷേപം, ടൂറിസം എന്നിവ പരിപോഷിപ്പിക്കുകയായിരുന്നു ഉന്നതിയുടെ ലക്ഷ്യം. നടത്തിപ്പിനായി 10,037 കോടി രൂപ കേന്ദ്രമന്ത്രിസഭ വകയിരുത്തിയതായും പ്രധാനമന്ത്രി അറിയിച്ചിരുന്നു.

10 വര്‍ഷത്തിനുള്ളില്‍ വ്യവസായവല്‍ക്കരണം വഴി തൊഴിലവസരം, നൈപുണ്യ വികസനം, സുസ്ഥിരത എന്നിവ ഉറപ്പ് വരുത്തുമെന്നായിരുന്നു വാഗ്ദാനം. എന്നാല്‍ പദ്ധതി ആരംഭിച്ചശേഷം രജിസ്റ്റര്‍ ചെയ്ത വ്യവസായ യൂണിറ്റുകള്‍ക്ക് ഇതുവരെ കേന്ദ്ര സര്‍ക്കാര്‍ ഫണ്ട് വിതരണം ചെയ്തില്ല. ബജറ്റ് സമ്മേളനത്തിനിടെ അസമില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപി പ്രദ്യുത് ബോര്‍ദലോയിയുടെ ചോദ്യത്തിന് കേന്ദ്ര വാണിജ്യ സഹമന്ത്രി ജിതില്‍ പ്രസാദാണ് ഉന്നതി ഫണ്ടില്‍ നിന്നും ഇതുവരെ തുക വിനിയോഗിച്ചില്ല എന്ന് രേഖാമൂലം സഭയില്‍ അറിയിച്ചത്. വ്യവസായ യൂണിറ്റുകള്‍ ആവശ്യപ്പെടാത്തതുകാരണം ഫണ്ട് വിതരണം ചെയ്തിട്ടില്ല എന്നാണ് മന്ത്രിയുടെ വിശദീകരണം. 

പദ്ധതിയില്‍ ആകെ 279 യൂണിറ്റുകള്‍ക്ക് അപേക്ഷ ലഭിച്ചതായും അതില്‍ 56 യൂണിറ്റുകള്‍ക്ക് രജിസ്ട്രേഷന്‍ അനുവദിച്ചതായും മന്ത്രി വ്യക്തമാക്കി. അസമില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ അപേക്ഷകള്‍ ലഭിച്ചത്. 223 എണ്ണം. വംശീയ കലാപം നിലയ്ക്കത്ത മണിപ്പൂരില്‍ നിന്നാണ് ഏറ്റവും കുറവ് — നാലെണ്ണം. അരുണാചല്‍ പ്രദേശ്, മേഘാലയ, നാഗലാന്‍ഡ്, ത്രിപുര എന്നിവിടങ്ങളില്‍ നിന്ന് യഥാക്രമം 17, 16, 13, 15 അപേക്ഷകളാണ് ലഭിച്ചത്. സിക്കിം, മിസോറാം എന്നിവിടങ്ങളില്‍ നിന്ന് ഏഴ്, ആറ് എന്നിങ്ങനെയും. 2017 ല്‍ മോഡി സര്‍ക്കാര്‍ പ്രഖ്യാപിച്ച വടക്കുകിഴക്കന്‍ വ്യവസായ വികസന പദ്ധതിക്ക് (നീഡ്സ്) പകരമായാണ് ഉന്നതി പദ്ധതി ആവിഷ്കരിച്ചത്. അതും മോഡിയുടെ മറ്റ് പദ്ധതികളുടെ അതേ മാതൃകയില്‍ ലക്ഷ്യം കാണാതെ അവശേഷിക്കുന്നു.

Exit mobile version