ഗുരുതരമായ ഹൃദയ രോഗവും ഒപ്പം സ്തനാർബുദത്തിൻറെ മൂന്നാം ഘട്ടവുമായെത്തിയ 72 കാരിയായ ബംഗ്ലദേശ് സ്വദേശിനിക്ക് കൈത്താങ്ങായി റോബോട്ടിക് സഹായത്തോടെയുള്ള ശസ്ത്രക്രിയ. 11 മണിക്കൂർ നീണ്ട ശസ്ത്രക്രിയക്ക് വിധേയയായ വയോധിക സുഖം പ്രാപിച്ച് വരികയാണ്.
കടുത്ത ക്ഷീണം,ശ്വാസതടസ്സം, വലത് സ്തനത്തിൽ രക്തസ്രാവം എന്നീ രോഗ ലക്ഷണങ്ങളോടെയാണ് ജഹനാര ബീഗം എന്ന 72കാരി ഓഖ്ലയിലെ ഫോർട്ടിസ് എക്സ്കോർട്ട്സ് ആശുപത്രിയിൽ പ്രവേശിച്ചത്. തുടർന്ന് നടത്തിയ വൈദ്യപരിശോധനയിൽ പ്രധാനപ്പെട്ട 3 ഹൃദയ ധമനിയിൽ ഗുരുതരമായ ബ്ലോക്കുകളും വലത് സ്തനത്തിൽ രക്ത സ്രാവവും ട്യൂമറും കണ്ടെത്തുകയായിരുന്നു.
ജീവൻ പോലും അപകടപ്പെടുത്തുന്ന ഈ അവസ്ഥയിൽ ഒരു സംയുക്ത ശസ്ത്രക്രിയ നടത്താമെന്ന് തീരുമാനത്തിൽ ആശുപത്രി എത്തുകയായിരുന്നുവെന്ന് ഫോർട്ടിസ് എസ്കോർട്ട്സ് ആശുപത്രിയിലെ കാർഡിയോതൊറാസിക് ആൻഡ് വസ്കുലർ സർജറി ഡയറക്ടർ ഡോ.റിത്വിക് രാജ് ഭൂയാൻ പറഞ്ഞു.
”ഞങ്ങൾ റോബോട്ടിൻറെ സഹായത്തോടെയുള്ള ശസ്ത്രക്രിയ തിരഞ്ഞടുക്കുകയായിരുന്നു. ഇത് ഹൃദയം തുറന്നുള്ള ശസ്ത്രക്രിയക്ക് പകരം നെഞ്ചിൽ ചെറിയ മുറിവുകളുണ്ടാക്കി ഒരു ഹാർട്ട് ബൈപ്പാസ് ശസ്ത്രക്രിയ നടത്താൻ ഞങ്ങളെ സഹായിച്ചു. ഇതിലൂടെ ശാരീരിക ആഘാതം കുറയ്ക്കാനും രോഗിയുടെ പെട്ടന്നുള്ള തിരിച്ച് വരവിനും സഹായകമായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
12 ദിവസത്തെ ആശുപത്രി വാസത്തിന് ശേഷം രോഗിയെ ഡിസ്ചാർജ് ചെയ്തതായും ഡോക്ടർ പറഞ്ഞു.

