വരാനിരിക്കുന്ന തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിക്കെതിരെ ശക്തമായ പ്രതിരോധം തീര്‍ക്കാന്‍ ദേശീയതലത്തില്‍ രൂപീകരിച്ച പ്രതിപക്ഷ പാര്‍ട്ടികളുടെ ഇന്ത്യ ഗ്രൂപ്പ് കൂടുതല്‍ ശക്തിപ്പെടുന്നു. മുന്‍ എംപി രാജു ഷെട്ടിയുടെ സ്വാഭിമാനി ഷേത്കാരി സംഘാതന്‍, പെസന്റസ് ആന്‍ഡ് വര്‍ക്കേഴ്സ് പാര്‍ട്ടി ഓഫ് ഇന്ത്യ (പിഡബ്ല്യുപിഐ) എന്നിവ ഉള്‍പ്പെടെ 12 പാര്‍ട്ടികള്‍ക്കൂടി ഇന്ത്യയുടെ ഭാഗമാകും.
മഹാ വികാസ് അഘാഡി (എംവിഎ)ക്ക് പുറമെയുള്ള മഹാരാഷ്ട്രയിലെ 12 ചെറുപാര്‍ട്ടികള്‍ ചേര്‍ന്ന് ബിജെപിക്കെതിരെ പോരാട്ടം നടത്തിവരുകയാണ്. നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി (എന്‍സിപി) മേധാവി ശരദ് പവാറും മുന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെയും ഇന്ത്യ ഗ്രൂപ്പിന് പിന്തുണ നല്‍കണമെന്ന ആവശ്യവുമായി അടുത്തിടെ ഈ ഗ്രൂപ്പിനെ സമീപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് തീരുമാനം.
ഓഗസ്റ്റ് 31, സെപ്റ്റംബര്‍ ഒന്ന് തീയതികളിലായി മുംബൈയിലാണ് മൂന്നാമത് ഇന്ത്യ യോഗം നടക്കുക. ഏകോപനസമിതിയുടെയും ഉപസമിതികളുടെയും രൂപീകരണം, പൊതുമിനിമം പരിപാടിയുടെ കരടിന് രൂപം നൽകൽ, കൂട്ടായ്‌മയ്‌ക്ക് ലോഗോ, സംയുക്ത പ്രചാരണ പരിപാടികൾ എന്നിവയാണ് യോഗത്തിന്റെ പ്രധാന അജണ്ടകള്‍.
ജൂൺ 23ന് പട്‌നയിൽ ചേർന്ന ഇന്ത്യ കൂട്ടായ്‌മയുടെ ആദ്യ യോഗത്തിൽ 16 രാഷ്ട്രീയ പാർട്ടികളാണ് പങ്കെടുത്തത്. ജൂലൈ 17, 18 തീയതികളിൽ ബംഗളൂരുവിൽ ചേർന്ന രണ്ടാം യോഗത്തിൽ 26 പാർട്ടി പ്രതിനിധികൾ പങ്കെടുത്തു. മുംബൈയിലെ യോഗം കോൺഗ്രസും ശിവസേന ഉദ്ധവ് വിഭാഗവും എൻസിപി പവാർ വിഭാഗവും ചേർന്നാണ് സംഘടിപ്പിക്കുന്നത്. കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധി അടക്കമുള്ളവര്‍ യോഗത്തില്‍ പങ്കെടുക്കും.