86 മുൻസിപ്പാലിറ്റികളിലും ആറു കോർപറേഷനുകളിലും വാർഡ് വിഭജനത്തിന്റെ അന്തിമ വിജ്ഞാപനം ഡീലിമിറ്റേഷൻ കമ്മിഷൻ യോഗം പുറപ്പെടുവിച്ചു. സംസ്ഥാനത്താകെ മുനിസിപ്പാലിറ്റികളിൽ 128, കോർപറേഷനുകളിൽ ഏഴ് വാർഡുകളാണ് വർധിച്ചത്. 2011ലെ സെൻസസ് ജനസംഖ്യ അടിസ്ഥാനമാക്കിയാണ് വാർഡുകളുടെ എണ്ണം പുതുക്കിയത്. 2015ൽ വാർഡ് പുനർവിഭജനം നടത്തിയതും നിലവിലുള്ള വാർഡുകളുടെ എണ്ണത്തിൽ മാറ്റമില്ലാത്തതുമായ പാലക്കാട് ജില്ലയിലെ ചെർപ്പുളശേരി മുനിസിപ്പാലിറ്റിയെയും തൃക്കടീരി ഗ്രാമപഞ്ചായത്തിനെയും ഇപ്പോഴത്തെ ഡീലിമിറ്റേഷൻ പ്രക്രിയയിൽ നിന്നൊഴിവാക്കി. ഡീലിമിറ്റേഷൻ പ്രക്രിയയുടെ ആദ്യഘട്ടം പൂർത്തിയായതോടെ സംസ്ഥാനത്തെ 941 ഗ്രാമപഞ്ചായത്തുകളിൽ 17,337 വാർഡുകളും 87 മുനിസിപ്പാലിറ്റികളിൽ 3241 വാർഡുകളും ആറ് കോർപറേഷനുകളിൽ 421 വാർഡുകളുമാണുണ്ടാകുക. വാർഡ് പുനർവിഭജനത്തിന്റെ അന്തിമവിജ്ഞാപനം സംസ്ഥാന അച്ചടി വകുപ്പിന്റെ e‑gazette വെബ്സൈറ്റിൽ (www.compose.kerala.gov.in) ലഭിക്കും.
നിലവിലുണ്ടായിരുന്ന വാർഡുകളിലെ വോട്ടർപട്ടികയിൽ ഉൾപ്പെട്ട എല്ലാ വോട്ടർമാരെയും പുനർനിർണയിച്ച വാർഡുകളിലേയ്ക്ക് പുനഃക്രമീകരിച്ചു കൊണ്ടുള്ള പുതിയ വോട്ടർപട്ടിക ഇലക്ട്രൽ രജിസ്ട്രേഷൻ ഓഫിസർമാർ തയ്യാറാക്കും. വോട്ടർപട്ടിക പുതുക്കുന്നത് സംബന്ധിച്ച വിജ്ഞാപനം സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷൻ പിന്നീട് പുറപ്പെടുവിക്കും. സംസ്ഥാനത്തെ മുനിസിപ്പാലിറ്റികളിലെയും കോർപറേഷനുകളിലെയും വാർഡുകളുടെ എണ്ണം പുനർനിശ്ചയിച്ച് സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. ഇതനുസരിച്ച് മുനിസിപ്പാലിറ്റികളിൽ ഏറ്റവും കുറഞ്ഞത് 26ഉം, കൂടിയത് 53 വാർഡുകളുമുണ്ടാകണം. കോർപറേഷനുകളിൽ അവ യഥാക്രമം 56, 101 ആണ്. രണ്ടാംഘട്ടത്തിൽ ബ്ലോക്ക് പഞ്ചായത്തുകളുടെ വാർഡ് വിഭജനം നടക്കും. സംസ്ഥാനത്തെ 152 ബ്ലോക്ക് പഞ്ചായത്തുകളിലെ വാർഡ് പുനർവിഭജനത്തിന്റെ കരട് വിജ്ഞാപനം ഇന്ന് പുറപ്പെടുവിക്കും. കമ്മിഷൻ ചെയർമാനായ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷണർ എ ഷാജഹാന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ അംഗങ്ങളായ ഡോ. രത്തൻ യു ഖേൽക്കർ, കെ ബിജു, എസ് ഹരികിഷോർ, ഡോ. കെ വാസുകി എന്നിവർ പങ്കെടുത്തു.

