Site iconSite icon Janayugom Online

17കാരി ക്വട്ടേഷൻ നൽകി; തിരുവനന്തപുരത്ത് യുവാവിന് ക്രൂര മർദനം, നാല് പേർ പിടിയിൽ

17കാരി ക്വട്ടേഷൻ നൽകിയതിനെത്തുടർന്ന് യുവാവിന് ക്രൂര മർദ്ദനം. തിരുവനന്തപുരത്താണ് നടുക്കുന്ന സംഭവം. മൂന്ന് പേർ ചേർന്ന് യുവാവിനെ ക്രൂര മർദനത്തിനിരയാക്കുകയായിരുന്നു. സംഭവത്തിൽ പെൺകുട്ടിയടക്കം നാല് പേരെ തിരുവല്ലം പൊലീസ് കസ്റ്റഡിയിലെടുത്തു. 

സിനിമ മേഖലയിൽ പിആർഒ ആയി ജോലി ചെയ്യുന്ന അഴീക്കോട് സ്വദേശി റഹീമിനാണ് മർദനമേറ്റത്. പെൺകുട്ടിയുടെ പിന്നാലെ നടന്ന് ശല്യം ചെയ്യുന്നുവെന്നാരോപിച്ചാണ് ക്വട്ടേഷൻ നൽകിയതെന്ന് പൊലീസ് പറഞ്ഞു. ഇത്പ്രകാരം ജഡ്ജിക്കുന്നിൽ വച്ച് മൂന്നംഗ സംഘം റഹീമിനെ ക്രൂര മർദനത്തിനിരയാക്കുകയായിരുന്നു. രക്തത്തിൽ കുളിച്ച നിലയിലാണ് റഹീമിനെ കണ്ടെത്തിയത്.

ഡിഗ്രി ഒന്നാം വർഷ വിദ്യാർത്ഥിനിയായ പെൺകുട്ടിയും റഹീമും തമ്മിൽ പരിചയമുണ്ട്. തന്നെ നിരന്തരം ഫോണിൽ വിളിച്ച് ശല്യം ചെയ്തിരുന്നുവെന്നും സിനിമയിൽ അവസരം നൽകാമെന്ന് പറഞ്ഞ് പിന്നാലെ നടക്കുകയായിരുന്നെന്നും പെൺകുട്ടി ആരോപിച്ചു. മുന്നറിയിപ്പ് നൽകിയിട്ടും ശല്യം തുടർന്നതിനാൽ ഒരു ബന്ധുവിനോട് പരാതി പറഞ്ഞെന്നും പെൺകുട്ടി പറഞ്ഞു. തുടർന്ന് പെൺകുട്ടിതന്നെ റഹീമിനെ ജഡ്ജിക്കുന്നിലേക്ക് വിളിച്ച് വരുത്തുകയായിരുന്നു. അവിടെവച്ചും ഇരുവരും തമ്മിൽ വാക്ക് തർക്കമുണ്ടായിരുന്നു. ഇതോടെ പെൺകുട്ടിക്ക് ഒപ്പമുണ്ടായിരുന്ന സംഘം റഹീമിനെ മർദിക്കുകയായിരുന്നു. നാട്ടുകാരാണ് രക്തത്തിൽ കുളിച്ച നിലയിൽ റഹീമിനെ കണ്ടെത്തിയത്. റഹീമിൻറെ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്. തുടർന്ന് പെൺകുട്ടിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ മറ്റ് മൂന്ന് പേരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. 

Exit mobile version