കഴിഞ്ഞ ഒരാഴ്ചയില്‍ ഇന്ത്യയില്‍ കോവിഡ് കേസുകളിലുണ്ടായത് 25 ശതമാനം വര്‍ധനയെന്ന് ലോകാരോഗ്യ സംഘടന. കോവിഡ് മരണങ്ങളില്‍ 53 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയത്. ദക്ഷിണ കിഴക്കന്‍ ഏഷ്യന്‍ മേഖലയില്‍ ഏറ്റവും കൂടുതല്‍ പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത രാജ്യം ഇന്ത്യയാണ്, 93,281. ഒരു ലക്ഷത്തിന് 6.8 എന്ന നിലയിലാണ് രാജ്യത്തെ കോവിഡ് കേസുകള്‍ വര്‍ധിക്കുന്നത്. തൊട്ട് മുമ്പത്തെ ആഴ്ചയേക്കാള്‍ കഴിഞ്ഞ ആഴ്ചയില്‍ കോവിഡ് മരണത്തില്‍ 53 ശതമാനം വര്‍ധനവ് രേഖപ്പെടുത്തി. 144 മരണങ്ങളാണ് സ്ഥിരീകരിച്ചത്. മാര്‍ച്ചിനു ശേഷം ജൂണ്‍ അവസാന വാരങ്ങളില്‍ ആഗോളതലത്തില്‍ കേസുകള്‍ ഉയരുന്ന സാഹചര്യമാണ് കണ്ടുവരുന്നത്. കഴിഞ്ഞ മാസം 20 മുതല്‍ 26 വരെയുള്ള തീയതികളില്‍ 4.1 ദശലക്ഷത്തിധികം പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. തൊട്ടു മുമ്പുള്ള ആഴ്ചയേക്കാള്‍ 18 ശതമാനം വര്‍ധനവാണ് പുതിയ രോഗികളുടെ നിരക്കില്‍ ഉണ്ടായതെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു.
അതേസമയം വീണ്ടും കോവിഡ് ബാധ ഉണ്ടായാല്‍ പ്രതിരോധശേഷി വര്‍ധിക്കുമെന്നും ഇത് ഭാവിയില്‍ ഉണ്ടായേക്കാവുന്ന പുതിയ വകഭേദങ്ങളെ പ്രതിരോധിക്കുമെന്നുമുള്ള ധാരണ തെറ്റാണെന്നും സംഘടന പറയുന്നു. ഒന്നിലധികം തവണ വൈറസ് ബാധയുണ്ടാകുന്നത് ആളുകളില്‍ ദീര്‍ഘകാല കോവിഡിന് കാരണമായേക്കുമെന്ന് ലോകാരോഗ്യ സംഘടനാ കോവിഡ് 19 പ്രത്യേക പ്രതിനിധി ഡേവിഡ് നബാറോ പറഞ്ഞത്. വൈറസിന് എപ്പോഴും ജനിതകമാറ്റം സംഭവിച്ചു കൊണ്ടിരിക്കുന്നതിനാല്‍ ഒന്നിലധികം തവണ കോവിഡ് ബാധിക്കുന്നവര്‍ക്ക് മികച്ച പ്രതിരോധശേഷി കൈവരിക്കാന്‍ ആകില്ല. എന്നാല്‍ കോവിഡിനെ തുടര്‍ന്നുള്ള ബുദ്ധിമുട്ടകള്‍ ദീര്‍ഘകാലത്തേക്ക് നീണ്ടുനില്‍ക്കാന്‍ വഴിയൊരുക്കുകയുമാണ് ചെയ്യുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം നിലവില്‍ ഇന്ത്യയില്‍ ഗുരുതരമായൊരു തരംഗത്തിന് സാധ്യതയില്ലെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. എന്നാല്‍ മഹാമാരി ഇപ്പോഴൊന്നും അവസാനിക്കില്ലെന്നും അവര്‍ മുന്നറിയിപ്പ് നല്‍കുന്നു. വൈറസ് എപ്പോഴും നമ്മോടൊപ്പമുണ്ടാകും, ഇടയ്ക്കിടെ തീവ്രവ്യാപനങ്ങള്‍ ഉണ്ടായാലും അതിന്റെ സ്വഭാവം പ്രവചിക്കാവുന്നതാണെന്ന് പബ്ലിക് ഹെൽത്ത് ഫൗണ്ടേഷൻ ഓഫ് ഇന്ത്യ (പിഎച്ച്എഫ്ഐ) പ്രസിഡന്റ് കെ ശ്രീനാഥ് റെഡ്ഡി പറയുന്നു.
English summary;17,070 new covid cases in india
You may also like this video;