Site iconSite icon Janayugom Online

ഇന്ത്യയില്‍ 191 ശതകോടീശ്വരന്മാര്‍

രാജ്യത്ത് കോടീശ്വരന്മാരുടെ എണ്ണം പെരുകുന്നു. കഴിഞ്ഞ വര്‍ഷം മാത്രം കോടീശ്വരന്മാരുടെ എണ്ണത്തില്‍ ആറ് ശതമാനം വര്‍ധന രേഖപ്പെടുത്തി. ഗ്ലോബല്‍ പ്രോപ്പര്‍ട്ടി കണ്‍സല്‍ട്ടന്റായ നൈറ്റ് ഫ്രാങ്ക് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
10 ദശലക്ഷം യുഎസ് ഡോളറിനു മുകളില്‍ സമ്പത്തുള്ളവരെയാണ് കോടീശ്വരന്‍മാരായി കണക്കാക്കുന്നത്. 2023ല്‍ 80,686 കോടീശ്വരന്‍മാരായിരുന്നു രാജ്യത്ത് ഉണ്ടായിരുന്നത്. അത് 2024ഓടെ 85,698 ആയി ഉയര്‍ന്നു. ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയിലെ വരുമാന അസമത്വത്തെയും പ്രതിഫലിപ്പിക്കുന്നതാണ് കണക്കുകളെന്ന് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നു. രാജ്യത്ത് നിക്ഷേപക അവസരങ്ങള്‍ വര്‍ധിക്കുന്നതും ആഡംബര വിപണി വികസിച്ചുകൊണ്ടിരിക്കുന്നതും അതിസമ്പന്നരുടെ എണ്ണത്തില്‍ കുതിച്ചുചാട്ടമുണ്ടാക്കി. 

കോടീശ്വരന്മാരുടെ പട്ടികയില്‍ യുഎസ്, ചൈന, ജപ്പാന്‍ എന്നീ രാജ്യങ്ങള്‍ക്കു പിന്നില്‍ നാലാം സ്ഥാനത്താണ് ഇന്ത്യ. യുഎസിലാണ് ഏറ്റവും കൂടുതല്‍ അതിസമ്പന്നരുള്ളത്. 9,05,413 ലക്ഷം പേര്‍. ആകെയുള്ള അതിസമ്പന്നരുടെ 38.7 ശതമാനവും യുഎസിലാണ്. ചൈനയില്‍ ഇത് 4.71 ലക്ഷമാണ്. ജര്‍മ്മനി, കാനഡ, യുകെ, ഫ്രാന്‍സ് എന്നീ രാജ്യങ്ങള്‍ അതിസമ്പന്നരുടെ എണ്ണത്തില്‍ ഇന്ത്യക്ക് പിന്നിലാണ്. ആഗോള തലത്തില്‍ അതിസമ്പന്നരുടെ എണ്ണത്തില്‍ 2024ല്‍ 4.4 ശതമാനം വര്‍ധന രേഖപ്പെടുത്തി.
ഇന്ത്യയില്‍ സമ്പന്നര്‍ കൂടുതല്‍ സമ്പന്നരാകുന്നുവെന്ന വിമര്‍ശനം ശരിവയ്ക്കുന്നതാണ് പുതിയ റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം ശതകോടീശ്വരന്മാരുടെ എണ്ണത്തിലും വന്‍ വര്‍ധന രേഖപ്പെടുത്തി. ഒരു വര്‍ഷത്തിനിടെ ശതകോടീശ്വരന്മാരുടെ എണ്ണത്തില്‍ 12 ശതമാനം വര്‍ധനയുണ്ടായി. 26 പേരാണ് പുതുതായി പട്ടികയില്‍ സ്ഥാനം പിടിച്ചത്. 2019ല്‍ വെറും ഏഴു പേരുണ്ടായിരുന്ന ശതകോടീശ്വര പട്ടിക ഇന്ന് 191 ല്‍ എത്തിനില്‍ക്കുകയാണ്. ഇവരുടെ മൊത്തം ആസ്തി 950 ബില്യണ്‍ യുഎസ് ‍ഡോളറാണെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഇതോടെ ആഗോള തലത്തില്‍ ശതകോടീശ്വരന്‍മാരുടെ സമ്പത്തില്‍ ഇന്ത്യ മൂന്നാം സ്ഥാനം കൈവരിച്ചിരിക്കുകയാണ്. യുഎസും ചൈനയുമാണ് ഒന്നും രണ്ടും സ്ഥാനങ്ങളില്‍. 

വര്‍ധിച്ചുവരുന്ന നഗരവല്‍ക്കരണം, വളരുന്ന ഉല്പാദന മേഖല, ഡിജിറ്റലൈസേഷന്‍ തുടങ്ങിയ ഘടകങ്ങളും സമ്പന്നരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാക്കിയെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 2028ഓടെ രാജ്യത്തെ കോടീശ്വരന്‍മാരുടെ എണ്ണം 93,753 ആയി ഉയരുമെന്ന് സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. 

Exit mobile version