രാഷ്ട്രീയ കേരളം ഉറ്റുനോക്കിയ അപ്രതീക്ഷിത ട്വിസ്റ്റുകൾക്കും ടേണുകൾക്കും വേദിയായ പാലക്കാട് നാളെ വിധിയെഴുതും. ഇരുപത്തിയേഴ്‌ദിനം നീണ്ടുനിന്ന പ്രചാരണച്ചൂടിന് ശേഷമാണ് പാലക്കാട് ബൂത്തിലെത്തുക.1,94,706 വോട്ടര്‍മാരുള്ള മണ്ഡലത്തിൽ അങ്കത്തട്ടിൽ 10 പേരാണ് അണിനിരക്കുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തുടക്കംമുതൽ തന്നെ നേടിയ മേൽകൈ തുണയാകുമെന്ന പ്രതീക്ഷയിലാണ് എൽഡിഎഫ് ക്യാമ്പ്. ഡോ.പി സരിന്റെ സ്ഥാനാർത്ഥിതം നാട് നെഞ്ചേറ്റിയപ്പോൾ പാലക്കാടൻ കോട്ടകളിൽ ഉയരുന്നത് ഇടതുപക്ഷത്തിന്റെ വിജയാരവം.
പാലക്കാട് ലോക്‌സഭാ മണ്ഡലത്തിലെ പ്രധാന നേതാക്കളെയും കെ മുരളീധരൻ ഉള്‍പ്പെടെയുള്ളവരെയും തഴഞ്ഞുള്ള രാഹുൽ മാങ്കൂട്ടത്തിന്റെ വരവ് കോൺഗ്രസ് ക്യാമ്പിലുണ്ടാക്കുന്ന ആശങ്ക ചെറുതല്ല. ഇന്നലെവരെ സോണിയാഗാന്ധിയെയും രാഹുൽഗാന്ധിയെയും മുസ്ലിം സമുദായത്തെയും പരസ്യമായി ആക്ഷേപിച്ച സന്ദീപ് വാര്യരുടെ വരവും കോൺഗ്രസിന് തിരിച്ചടിയാകും . കുഴൽപ്പണ കേസും കേരളത്തിനോടുള്ള കേന്ദ അവഗണനയുമെല്ലാം ചർച്ചയാകുന്ന തെരഞ്ഞെടുപ്പിൽ ബിജെപിക്കും പ്രതീക്ഷ അശേഷമില്ല.
മണ്ഡലത്തിലെ 185 പോളിങ് ബൂത്തുകളാണ് തെരഞ്ഞെടുപ്പിനായി സജ്ജമായത് . രാവിലെ ഏഴു മുതൽ വൈകിട്ട് ആറു വരെയാണ് വോട്ടെടുപ്പ് . പുലർച്ചെ 5.30 ന് മോക് പോൾ ആരംഭിക്കും. ഭിന്നശേഷി സൗഹൃദ, ഹരിത ബൂത്തുകളിലാണ് ഇത്തവണയും തെരഞ്ഞെടുപ്പ് നടക്കുന്നത്. വനിതാ ഓഫിസര്‍മാരുടെ മേൽനോട്ടത്തിൽ ഒരു പോളിങ് സ്റ്റേഷനും ഒമ്പത് മാതൃകാ പോളിങ് ബൂത്തും മണ്ഡലത്തിലുണ്ട്. പാലക്കാട് നഗരസഭ, കണ്ണാടി, പിരായിരി, മാത്തൂർ പഞ്ചായത്തുകൾ ചേർന്നതാണ് പാലക്കാട് മണ്ഡലം. വോട്ടർമാരിൽ സ്‌ത്രീകളാണ് കൂടുതൽ 1,00,290പേർ . 94,412 പുരുഷ വോട്ടർമാരും നാല് ട്രാൻസ്‌ജെൻഡർ വോട്ടർമാരുമുണ്ട്. ഭിന്നശേഷി സൗഹൃദം ഉറപ്പുവരുത്താനായി 184 ബൂത്തുകളും താഴത്തെ നിലയിലാണ് സജ്ജീകരിച്ചിരിക്കുന്നത്. റാംപ് സൗകര്യമുണ്ട്. ചലന വൈകല്യമുള്ളവർക്ക് വീൽചെയർ, കാഴ്ച പരിമിതി ഉള്ളവർക്ക് സഹായികൾ, കുടിവെള്ളം, വോട്ടിങ് മെഷീനിൽ ബ്രെയിൻ ലിപി എന്നിവ ഒരുക്കിയിട്ടുണ്ട്. മാത്തൂർ എഎൽപി സ്‌കൂളിലാണ് ഏറ്റവും കൂടുതൽ ഭിന്നശേഷി വോട്ടർമാർ–145.