ഉത്തരാഖണ്ഡിൽ തീർത്ഥാടകരുമായി പോയ വാഹനം അളകനന്ദ നദിയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ രണ്ട് മരണം. 8 പേർക്ക് പരിക്കേൽക്കുകയും 10 പേരെ കാണാതാകുകയും ചെയ്തിട്ടുണ്ട്. ബദ്രിനാഥ് ദേശീയ പാതയിൽ രുദ്രപ്രയാഗിനും ഗൌച്ചറിനും ഇടയിൽ ഗോൽത്തിർ ഗ്രാമത്തിൽ വച്ചാണ് തീർത്ഥാടകർ സഞ്ചരിച്ചിരുന്ന ടെംബോ ട്രാവലർ അപകടത്തിൽപ്പെട്ടത്.
ദുരന്തനിവാരണ രക്ഷാ പ്രവർത്തകർ സ്ഥലത്തെത്തിയിട്ടുണ്ട്. മരിച്ചവരിൽ ഒരാളുടെ മൃതദേഹം അപകടസ്ഥലത്തിന് സമീപത്ത് നിന്നും മറ്റൊന്ന് നദിയിൽ നിന്നും കണ്ടെടുത്തതായി രക്ഷാ പ്രവർത്തന സംഘത്തിലെ അംഗം സത്യേന്ദ്ര സിംഗ് ബണ്ഡാരി പറഞ്ഞു.
മൂന്ന് സ്ത്രീകളും രണ്ട് കുട്ടികളും ഉൾപ്പെടെ ഏഴ് പേർക്ക് പരിക്കേറ്റതായും പത്ത് പേരെ കാണാതായതായും അദ്ദേഹം പറഞ്ഞു. പരിക്കേറ്റവരെ ആളുപത്രിയിൽ പ്രവേശിപ്പിച്ചതായും ബണ്ഡാരി കൂട്ടിച്ചേർത്തു.
നദിയിൽ വീഴുമ്പോൾ വാഹനത്തിൽ ഡ്രൈവർ ഉൾപ്പെടെ 20 പേരുണ്ടായിരുന്നതായും അദ്ദേഹം പറഞ്ഞു. രാജസ്ഥാനിലെ ഉദയ്പൂരിൽ നിന്നുള്ള തീർത്ഥാടകർ ഉത്തരാഖണ്ഡിലെ ചാർദാം യാത്രയ്ക്കായി എത്തിയതായിരുന്നു.

