പാലക്കാട് കോട്ടായി മുട്ടിക്കടവിൽ ഭാരതപ്പുഴയിൽ കുളിക്കാനിറങ്ങിയ 2 വിദ്യാർത്ഥികൾ ഒഴുക്കിൽപെട്ടു. ഒരാളെ രക്ഷപ്പെടുത്തി. രണ്ടാമനായി തിരച്ചിൽ തുടരുകയാണ്. കോട്ടായി സ്വദേശിയായ അഭിജിത്ത് എന്ന വിദ്യാര്‍ത്ഥിയെ ആണ് രക്ഷപ്പെടുത്തിയത്. കുന്നംപറമ്പ് തണ്ണിക്കോട് താമസിക്കുന്ന സവിതയുടെ മകൻ സുഗുണേഷിനെയാണ് കാണാതായത്.
ഇരുവർക്കും 18 വയസാണ് പ്രായം. ഇന്ന് ഉച്ചയ്ക്ക് 12.30 ഓടെ ആയിരുന്നു സംഭവം. കുളിക്കുന്നതിനിടെ കാൽ വഴുതി പുഴയിലേക്ക് വീഴുകയായിരുന്നു. അഗ്നി രക്ഷാസേനയുടെ മുങ്ങൽ വിദഗ്ധരുള്‍പ്പടെ സ്ഥലത്തെത്തി തെരച്ചിൽ നടത്തുകയാണ്. വിദ്യാര്‍ത്ഥിയുടെ നിലവിളി കേട്ടാണ് ആളുകള്‍ ഓടിക്കൂടിയത്.

