Site iconSite icon Janayugom Online

എണ്ണക്കമ്പനികള്‍ക്ക് ഖജനാവില്‍ നിന്ന് 20,000 കോടി

petroliumpetrolium

ഇന്ത്യൻ ഓയിൽ കോർപറേഷൻ ഉൾപ്പെടെയുള്ള പൊതുമേഖലാ എണ്ണക്കമ്പനികൾക്ക് 20,000 കോടിയുടെ ധനസഹായം നല്കാനൊരുങ്ങി കേന്ദ്ര സർക്കാർ. ക്രൂഡ് ഓയിൽ വിലക്കയറ്റം മൂലം ഉണ്ടായ നഷ്ടം നികത്താൻ എണ്ണ മന്ത്രാലയം 28,000 കോടി ആവശ്യപ്പെട്ടിരുന്നു. ഇതിൽ 20,000 കോടിയാണ് ധനമന്ത്രാലയം അംഗീകരിച്ചത്. എന്നാൽ ചർച്ചകൾ പുരോഗമിക്കുകയാണെന്നും അന്തിമ തീരുമാനമെടുത്തിട്ടില്ലെന്നും മന്ത്രാലയ വൃത്തങ്ങൾ പറഞ്ഞു.
മാർച്ചിൽ അവസാനിക്കുന്ന സാമ്പത്തിക വർഷത്തിൽ എണ്ണ സബ്സിഡിക്കായി 5,800 കോടി രൂപ നീക്കിവച്ചിരുന്നു. ഇറക്കുമതി ചെയ്യുന്ന എണ്ണയുടെ 85 ശതമാനത്തിലധികം കെെകാര്യം ചെയ്യുന്നത് പൊതുമേഖലാ സ്ഥാപനങ്ങളാണ്. യുദ്ധത്തെ തുടർന്ന് റഷ്യയിൽ നിന്നുള്ള കയറ്റുമതി കുറഞ്ഞതോടെ ആഗോളതലത്തിൽ എണ്ണവില കുതിച്ചുയർന്നു. പാെതുമേഖലാ എണ്ണക്കമ്പനികൾ അന്താരാഷ്ട്ര വിലയ്ക്ക് ക്രൂഡ് വാങ്ങുകയും ഏതാനും മാസങ്ങളായി വില്പനവിലയിൽ മാറ്റം വരുത്താതെ തുടരുകയുമാണ്.
നടപ്പു സാമ്പത്തിക വർഷത്തിലെ ആദ്യ പാദത്തിൽ പെട്രോളും ഡീസലും നഷ്ടത്തിലാണ് വിറ്റതെന്ന് ഐഒസി പറയുന്നു. ഏപ്രിൽ മുതൽ ജൂൺ വരെ പെട്രോൾ ലിറ്ററിന് 10 രൂപയും ഡീസൽ 14 രൂപയും നഷ്ടത്തില്‍ വിറ്റു. ഇക്കാലയളവിൽ 1992 കോടി രൂപയാണ് കമ്പനിയുടെ നഷ്ടം. ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷൻ ലിമിറ്റഡ് ജൂൺ പാദത്തിൽ 10,196 കോടി നഷ്ടം രേഖപ്പെടുത്തി. മുൻവർഷം ഇതേ കാലയളവിൽ 1,795 കോടി രൂപ അറ്റാദായം നേടിയിരുന്നു.
പാചക വാതകത്തിന്റെ പകുതിയോളം ഇന്ത്യ ഇറക്കുമതി ചെയ്യുകയാണ്. ഇറക്കുമതി കരാറനുസരിച്ചുള്ള വിലയിൽ കഴിഞ്ഞ രണ്ട് വർഷത്തിനിടെ 303 വർധനയുണ്ടായെന്ന് എണ്ണ മന്ത്രി ഹർദീപ് സിങ് പുരി കഴിഞ്ഞദിവസം പറഞ്ഞു. അതേസമയം ചില്ലറ വില്പന വില 28 ശതമാനം മാത്രമാണ് വർധിച്ചതെന്നും മന്ത്രി പറഞ്ഞു.
കുതിച്ചുയരുന്ന പണപ്പെരുപ്പം തടയുന്നതിനായാണ് കമ്പനികൾ ഏപ്രിൽ ആദ്യം മുതൽ പെട്രോൾ, ഡീസൽ വില പിടിച്ചുനിർത്തിയത്. വില വർധനയിലൂടെയോ നഷ്ടപരിഹാരത്തിലൂടെയോ സർക്കാർ ഇടപെടൽ വേണ്ടിവരുമെന്ന് ഭാരത് പെട്രോളിയം ചെയർമാൻ അരുൺ കുമാർ സിങ് നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇത് പരിഗണിച്ചാണ് സർക്കാർ തീരുമാനം എന്നറിയുന്നു. അതേസമയം ഇന്ത്യയുടെ ധനമന്ത്രാലയത്തിന്റെയും എണ്ണ മന്ത്രാലയത്തിന്റെയും പ്രതിനിധികൾ ഇക്കാര്യത്തിൽ പ്രതികരിക്കാൻ തയാറായിട്ടില്ല. 

ലാഭം 6021 കോടി; നഷ്ടം 1992 കോടി

എണ്ണക്കമ്പനികളുടെ നഷ്ടം സാങ്കേതികം മാത്രമാണെന്ന് വിദഗ്ധർ. കഴിഞ്ഞ രണ്ടു വർഷത്തിനിടയിൽ ആദ്യമായി ഒരു പാദത്തിൽ മാത്രമാണ് നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചത്. മുൻപാദങ്ങളിലെല്ലാം വൻലാഭമാണ് കമ്പനികൾ കൊയ്തത്.
ജൂണിൽ അവസാനിച്ച പാദത്തിൽ ഐഒസിയുടെ നഷ്ടം 1992 കോടി രൂപയാണ്. ജനുവരി മുതൽ മാർച്ച് വരെയുള്ള മൂന്നു മാസത്തിൽ 6021.9 കോടി രൂപ ലാഭം നേടിയ ശേഷമാണ് നഷ്ടത്തിലേക്ക് വീണത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 5941 കോടിയായിരുന്നു ഇന്ത്യൻ ഓയിൽ കോർപറേഷന്റെ ലാഭം. ഇതിനു മുമ്പ് 2020 ജനുവരി മുതൽ മാർച്ച് വരെയുള്ള കാലയളവിലാണ് കമ്പനി നഷ്ടം നേരിട്ടത്. 

Eng­lish Sum­ma­ry: 20,000 crore from the exche­quer for oil companies

You may like this video also

Exit mobile version