Site iconSite icon Janayugom Online

നൂറുദിനത്തിൽ 20,073 വീടുകൾ; പുതുചരിത്രം രചിച്ച് ലൈഫ് മിഷൻ 40,000 ഗുണഭോക്താക്കളുമായി കരാർ വച്ചു

എല്‍ഡിഎഫ് തുടര്‍സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ചുള്ള നൂറ് ദിന കർമ്മ പരിപാടിയില്‍ ലൈഫ് മിഷൻ പൂർത്തീകരിച്ചത് 20,073 വീടുകൾ. 41,439 ഗുണഭോക്താക്കളുമായി കരാ‍റിലെത്തുകയും ചെയ്തു. 100 ദിവസം കൊണ്ട് പൂർത്തിയായ വീടുകളുടെ താക്കോൽ ദാനവും കരാർ വെച്ചതിന്റെ പ്രഖ്യാപനവും മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. 20,000 ഗുണഭോക്താക്കളുമായി കരാർ വയ്ക്കാന്‍ തീരുമാനിച്ചിടത്താണ് ഇരട്ടിയിലധികം കരാർ വയ്ക്കാൻ കഴിഞ്ഞതെന്ന പ്രത്യേകതയുമുണ്ട്.
നാളെ വൈകിട്ട് അഞ്ച് മണിക്ക് കൊല്ലം കൊറ്റങ്കര മെക്കോണിൽ നടക്കുന്ന ചടങ്ങില്‍ തദ്ദേശ സ്വയംഭരണ മന്ത്രി എം ബി രാജേഷ് അധ്യക്ഷത വഹിക്കും. മന്ത്രിമാരായ ജെ ചിഞ്ചുറാണി, കെ കൃഷ്ണൻ കുട്ടി, കെ എൻ ബാലഗോപാൽ എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും. ഇതേ സമയം തന്നെ, വിവിധ സ്ഥലങ്ങളില്‍ പൂർത്തിയാക്കിയ എല്ലാവീടുകളിലും താക്കോൽ കൈമാറ്റ ചടങ്ങ് നടക്കും. എല്ലാ ഭവനരഹിതർക്കും അടച്ചുറപ്പുള്ള വീട് ലഭ്യമാക്കാനുള്ള ഇടപെടൽ സർക്കാർ അതിവേഗം തുടരുകയാണെന്ന് മന്ത്രി എം ബി രാജേഷ് അറിയിച്ചു.
പദ്ധതിയിലൂടെ ഇതുവരെ പൂർത്തിയായ ആകെ വീടുകളുടെ എണ്ണം 3,42,156 കഴിഞ്ഞു. 2022–23 സാമ്പത്തിക വർഷം 1,06,000 വീടുകളുടെ നിർമ്മാണം പൂർത്തീകരിക്കുവാനാണ് ലക്ഷ്യമിട്ടിട്ടുള്ളത്. ഇതിൽ 2022 ഏപ്രിൽ മുതൽ 23 മാർച്ച് 31 വരെ 54,648 വീടുകളുടെ നിർമ്മാണം പൂർത്തീകരിച്ചു. 67,000ലധികം വീടുകൾ നിർമ്മാണത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്.
ലൈഫ് 2020 ഗുണഭോക്തൃ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള 3,69,262 ഭൂമിയുള്ള ഭവനരഹിതരിൽ പട്ടികജാതി പട്ടികവർഗ ഫിഷറീസ് വിഭാഗത്തിൽപ്പെട്ട ഗുണഭോക്താക്കൾക്കും അതിവേഗം ആനുകൂല്യം ലഭ്യമാക്കുന്നതിന് സർക്കാർ നിർദേശം നൽകിയിരുന്നു. ഇതിനെ തുടർന്ന് 46,380 ഗുണഭോക്താക്കൾ ഭവനനിർമ്മാണത്തിനായി കരാറിൽ ഏർപ്പെടുകയും ഇതിൽ 587 പേർ ഭവന നിർമ്മാണം പൂർത്തീകരിക്കുകയും ചെയ്തു. അതിദരിദ്രരുടെ പട്ടികയിൽ ഉൾപ്പെട്ട വീട് ആവശ്യമുള്ള 8058 പേരിൽ 2,358 പേർ ഭവന നിർമ്മാണത്തിനായി കരാറിൽ ഏർപ്പെടുകയും 47 പേർ ഭവന നിർമ്മാണം പൂർത്തീകരിക്കുകയും ചെയ്തു.

25 ഭവന സമുച്ചയ നിര്‍മാണം പുരോഗമിക്കുന്നു
നാല് ലൈഫ് ഭവനസമുച്ചയങ്ങൾ 100 ദിനത്തിൽ ഉദ്ഘാടനം ചെയ്തിരുന്നു. കൂടാതെ 25 ഭവനസമുച്ചയങ്ങളുടെ നിർമ്മാണം പുരോഗമിക്കുകയാണ്. എറണാകുളം ജില്ലയിലെ നെല്ലിക്കുഴി, തിരുവനന്തപുരം ജില്ലയിലെ പൂവച്ചൽ എന്നീ പഞ്ചായത്തുകളിൽ പുതിയ ഭവനസമുച്ചയങ്ങള്‍ നിർമ്മിക്കുന്നതിനും തീരുമാനിച്ചിട്ടുണ്ട്.
കാസര്‍കോട് ജില്ലയിലെ ചെമ്മനാട്, കണ്ണൂരിലെ ആന്തൂർ, കണ്ണപുരം, കോഴിക്കോട്ടെ ചാത്തമംഗലം, പാലക്കാട്ടെ ചിറ്റൂർ തത്തമംഗലം, ഇടുക്കിയിലെ കട്ടപ്പന, ആലപ്പുഴലെ മണ്ണഞ്ചേരി, പത്തനംതിട്ടയിലെ ഏനാത്ത് എന്നിവിടങ്ങളിൽ നിർമ്മാണം നടക്കുന്ന ഭവനസമുച്ചയങ്ങൾ ജൂലൈ മാസത്തോടെ പൂർത്തീകരിക്കുന്നതിനും ലക്ഷ്യമിട്ടിട്ടുണ്ട്. ഇതിലൂടെ 324 ലൈഫ് ഭൂരഹിത കുടുംബങ്ങളെ പുനരധിവസിപ്പിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

മനസോടിത്തിരി മണ്ണിന് 23.50 ഏക്കര്‍
ഭൂരഹിത ഭവനരഹിതരുടെ പുനരധിവാസത്തിനായി പ്രഖ്യാപിച്ച മനസോടിത്തിരി മണ്ണ് കാമ്പയിനിലൂടെ ഇതുവരെ വാഗ്ദാനം ചെയ്യപ്പെട്ടത് 23.50 ഏക്കർ. ഇതിൽ 12.32 ഏക്കറിന്റെ രജിസ്ട്രേഷൻ പൂർത്തീകരിച്ച് ഗുണഭോക്താക്കൾക്ക് കൈമാറി. ചിറ്റിലപ്പിള്ളി ഫൗണ്ടേഷൻ 1000 ഭൂരഹിത ഭവനരഹിതകുടുംബങ്ങൾക്ക് ഭൂമി വാങ്ങുന്നതിന് ഒരു കുടുംബത്തിന് പരമാവധി രണ്ടരലക്ഷം രൂപ നിരക്കിൽ 25 കോടി രൂപ ധനസഹായം നൽകുന്നതിന് സർക്കാരുമായി ധാരണാപത്രം ഒപ്പിട്ടു.

പുനർഗേഹം: 644 ഫ്ലാറ്റുകൾ കൂടി ഒരുങ്ങുന്നു
*പുതുതായി 540 എണ്ണത്തിന് കൂടി അനുമതി
തിരുവനന്തപുരം: ഫിഷറീസ് വകുപ്പിന്റെ പുനർഗേഹം പദ്ധതിയുടെ ഭാഗമായി പണിപൂർത്തിയായി വരുന്നത് 644 ഭവന സമുച്ചയങ്ങള്‍. തിരുവനന്തപുരം, ആലപ്പുഴ, മലപ്പുറം ജില്ലകളിലാണ് ഇവ ഒരുങ്ങുന്നത്. തിരുവനന്തപുരം മുട്ടത്തറയിലെ ഭവന സമുച്ചയത്തിൽ 400, ആലപ്പുഴ മണ്ണുംപുറത്ത് 228, മലപ്പുറം നിറമരുതൂരില്‍ 16 വീതം ഫ്ലാറ്റുകളുടെ നിർമ്മാണമാണ് പുരോഗമിക്കുന്നത്. ഇതിന് പുറമെ, 540 ഭവന സമുച്ചയങ്ങള്‍കൂടി നിർമ്മിക്കാൻ ഭരണാനുമതിയായി. തിരുവനന്തപുരം വലിയതുറയിൽ 192, തിരുവനന്തപുരം കാരോട് 24, മലപ്പുറം പൊന്നാനി 100, കോഴിക്കോട് വെസ്റ്റ്ഹിൽ 80, കാസർകോട് കോയിപ്പാടി 144 എന്നിങ്ങനെയാണ് അനുമതി ലഭിച്ചത്.

eng­lish sum­ma­ry; 20,073 hous­es in 100 days lifemission

you may also like this video:

Exit mobile version