Site iconSite icon Janayugom Online

കേരളത്തിന് വീണ്ടും അംഗീകാരം

Kerala 1Kerala 1

നേട്ടങ്ങളുടെ പട്ടികയില്‍ വീണ്ടും സംസ്ഥാനത്തെ ആരോഗ്യ, ടൂറിസം മേഖലകള്‍. പൊതുജനാരോഗ്യ രംഗത്തും ടൂറിസത്തിലും മികച്ച പ്രകടനം കാഴ്ചവച്ച സംസ്ഥാനത്തിനുള്ള ഇന്ത്യാ ടുഡേ അവാര്‍ഡ് കേരളത്തിന് ലഭിച്ചു. ആരോഗ്യമേഖലയില്‍ 183.8 സ്‌കോര്‍ നേടിയാണ് കേരളം ഒന്നാം സ്ഥാനത്തെത്തിയത്. ദേശീയ ശരാശരിയുടെ മൂന്നിരട്ടിയിലധികം തുക ഏറ്റവും ഉയര്‍ന്ന പ്രതിശീര്‍ഷ ആരോഗ്യ ചെലവായി വിനിയോഗിച്ച് ആരോഗ്യരംഗത്ത് മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന വലിയ സംസ്ഥാനമായി കേരളം ഉയര്‍ന്നു.

ഓരോ വ്യക്തിയുടെയും ആരോഗ്യത്തിനുള്ള ചെലവുകള്‍ കൂടാതെ, കുറഞ്ഞ ശിശുമരണ നിരക്ക് (ഐഎംആര്‍), കുറഞ്ഞ മാതൃമരണ നിരക്ക് (എംഎംആര്‍), ലക്ഷം പേര്‍ക്ക് എന്ന കണക്കില്‍ രജിസ്റ്റര്‍ ചെയ്ത് ഡോക്ടര്‍മാരും സര്‍ക്കാര്‍ ആശുപത്രികളും, ശരാശരി രോഗികള്‍, സേവനമനുഷ്ഠിക്കുന്നവരുടെ എണ്ണം, ഓരോ സര്‍ക്കാര്‍ ആശുപത്രിയിലേയും കിടക്കകള്‍, ആയുര്‍ദൈര്‍ഘ്യം എന്നിങ്ങനെയുള്ള വിവിധ ഘടകങ്ങള്‍ അടിസ്ഥാനമാക്കിയാണ് സംസ്ഥാനങ്ങളെ വിലയിരുത്തിയത്. 

രാജ്യത്ത് ഏറ്റവും കുറഞ്ഞ മാതൃ, ശിശു മരണ നിരക്ക് കേരളത്തിലാണ്. വൈദ്യസഹായം കൂടാതെയുള്ള കേരളത്തിലെ പ്രസവം തീരെ കുറവാണ്. ഇത് ദേശീയ ശരാശരിയായ 7.8 ആകുമ്പോള്‍ കേരളത്തില്‍ 0.1 മാത്രമാണ്. കോവിഡ് 19 മഹാമാരിയേയും കേരളം ഫലപ്രദമായി പ്രതിരോധിച്ചുവെന്ന് ഇന്ത്യാ ടുഡേ ചൂണ്ടിക്കാട്ടുന്നു.
കോവിഡാനന്തര ടൂറിസത്തില്‍ 90.5 പോയിന്റുമായാണ് കേരളം അവാര്‍ഡിന് അര്‍ഹമായത്. ഈ സര്‍ക്കാര്‍ തുടക്കമിട്ട കാരവാന്‍ ടൂറിസം, ലിറ്റററി സര്‍ക്യൂട്ട്, ബയോഡൈവേഴ്സിറ്റി സര്‍ക്യൂട്ട് ഉള്‍പ്പെടെയുള്ള പദ്ധതികള്‍ ശ്രദ്ധേയമായി.
ഈ വർഷം കേരള ടൂറിസത്തിന് നിരവധി അവാർഡുകൾ ആണ് ഇതിനകം ലഭിച്ചിട്ടുള്ളത്. ലണ്ടനില്‍ നടന്ന വേള്‍ഡ് ട്രേ‍ഡ് മാര്‍ട്ടില്‍ ഉത്തരവാദിത്ത ടൂറിസം പ്രവര്‍ത്തനങ്ങള്‍ക്ക് കേരളത്തിന് അവാർഡ് ലഭിച്ചിരുന്നു. 

ഉത്തരവാദിത്ത ടൂറിസം മിഷന്റെ നേതൃത്വത്തില്‍ നടപ്പാക്കിയ വാട്ടര്‍ സ്ട്രീറ്റ് പദ്ധതി ജല സംരക്ഷണ മേഖലയില്‍ മികച്ച പദ്ധതിയായി തെരഞ്ഞെടുക്കപ്പെട്ടു. ടൈം മാഗസിൻ ലോകത്ത് കണ്ടിരിക്കേണ്ട 50 ടൂറിസം കേന്ദ്രങ്ങളെ തിരഞ്ഞെടുത്തപ്പോൾ അതിൽ കേരളത്തെയും അടയാളപ്പെടുത്തി. ട്രാവല്‍ പ്ലസ് ലിഷറിന്റെ വായനക്കാര്‍ മികച്ച വെഡ്ഡിങ് ഡെസ്റ്റിനേഷനായി തിരഞ്ഞെടുത്തത് കേരളത്തെയാണ്. 

Eng­lish Sum­ma­ry: 2022 in health and tourism sec­tors; Best per­form­ing state Kerala

You may also like this video 

Exit mobile version