Site iconSite icon Janayugom Online

2024 ബിജെപിയ്ക്ക് വെല്ലുവിളി: അമിത്ഷായും മോഡിയും ഓട്ടം തുടങ്ങി

2024ൽ 350 സീറ്റുകൾ നേടുമെന്ന് അവകാശപ്പെടുമ്പോഴും കാലിനടിയിലെ മണ്ണിളകുന്നതിൽ ആശങ്കയോടെ ബിജെപി. കഴിഞ്ഞ തവണ മുന്നേറ്റം ഉണ്ടാക്കിയ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഇക്കുറി വലിയ പ്രതീക്ഷകളില്ല. ബിഹാർ, മഹാരാഷ്ട്ര, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലാണ് പ്രതീക്ഷ കെെവിട്ടത്.
ഗുജറാത്തിൽ ആംആദ്മിയുടെയും കോൺഗ്രസിന്റെയും സാന്നിധ്യം തങ്ങളുടെ മേധാവിത്വത്തിന് വെല്ലുവിളിയാണെന്നും ബിജെപി തിരിച്ചറിയുന്നു.
ബിഹാറിൽ ജെഡിയു എൻഡിഎ സഖ്യം വിട്ടത് തെരഞ്ഞെടുപ്പിൽ വലിയ തിരിച്ചടിയായേക്കുമെന്ന ആശങ്ക നേതൃത്വത്തിനുണ്ട്. മഹാരാഷ്ട്രയിലും സ്ഥിതി മോശമാണ്. 2019ലെ തെരഞ്ഞെടുപ്പിൽ എൻഡിഎ വിജയത്തിൽ നിർണായകമായിരുന്ന ശിവസേനയുടെ ഒരു വിഭാഗം മാത്രമാണ് അവിടെ ഒപ്പമുള്ളത്. ശിവസേനയുടെ അടർത്തിയെടുത്ത വിഭാഗവുമായി സംസ്ഥാന ഭരണം പങ്കിടുന്നുണ്ടെങ്കിലും മധുവിധു തീരും മുമ്പേ അലോസരം തുടങ്ങിയിട്ടുണ്ട്.
2020 ഒക്ടോബർ-നവംബർ മാസങ്ങളിൽ ബിഹാറില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒരു പൊതുയോഗത്തിൽ പോലും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ പ്രസംഗിച്ചിരുന്നില്ല. എന്നാല്‍ ഇക്കഴിഞ്ഞ രണ്ടര മാസത്തിനിടെ മൂന്ന് തവണയാണ് അദ്ദേഹം ബിഹാറില്‍ റാലികളെ അഭിസംബോധന ചെയ്തത്. അടുത്ത് തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഗുജറാത്തും ഹിമാചൽ പ്രദേശും ഒഴിവാക്കി ബിഹാറില്‍ തമ്പടിച്ചത് ദയനീയ തോല്‍വി ഭയന്നാണ്.
കോൺഗ്രസ് ഭരിക്കുന്ന രാജസ്ഥാനിലും സ്ഥിതി അനുകൂലമല്ല. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ നടന്ന ഒരു തെരഞ്ഞെടുപ്പിലും വലിയ മുന്നേറ്റം ഉണ്ടാക്കാൻ ബിജെപിക്ക് സാധിച്ചിട്ടില്ല. യുപിയിൽ 80ൽ 72 എന്നൊക്കെ വീരവാദം മുഴക്കുമ്പോഴും എസ്‍പിയും ബിഎസ്‍പിയും കനത്ത വെല്ലുവിളിയാണ്. ഇങ്ങനെ പ്രധാന സംസ്ഥാനങ്ങളിലെ തിരിച്ചടി ഭയന്ന് ചെറിയ ഭൂരിപക്ഷത്തിന് കൈവിട്ട മണ്ഡലങ്ങളിൽ പ്രവർത്തനം ഊർജിതമാക്കാനാണ് പദ്ധതിയിടുന്നത്.
കേരളം, തമിഴ്‌നാട്, തെലങ്കാന, ആന്ധ്ര, ബിഹാർ, പഞ്ചാബ്, ഒഡിഷ, ബംഗാൾ എന്നീ സംസ്ഥാനങ്ങളിലാണ് ഇങ്ങനെയുള്ള 144 മണ്ഡലങ്ങൾ ഉൾപ്പെടുന്നത്. ഇവിടങ്ങളില്‍ ആകെ 217 സീറ്റുകളാണുള്ളത്. ഇതിൽ തമിഴ്‌നാട്ടിലും തെലങ്കാനയിലും അവര്‍ പ്രതീക്ഷ പുലര്‍ത്തുന്നു. മറ്റ് സംസ്ഥാനങ്ങളിലെ സാഹചര്യം പഠിക്കാനും പ്രത്യേക പദ്ധതി തയാറാക്കാനുമായി കേന്ദ്രമന്ത്രിമാർക്ക് പ്രത്യേക ചുമതല നൽകിയിട്ടുണ്ട്. പ്രവർത്തന പുരോഗതി വിലയിരുത്താനായി കഴിഞ്ഞ ദിവസം യോഗം ചേർന്നെങ്കിലും ഇവിടെ കാര്യമായ നടപടികളൊന്നും നേതാക്കൾ സ്വീകരിച്ചിട്ടില്ലെന്നാണ് കണ്ടെത്താനായത്.
രണ്ടാം ഘട്ടമെന്ന നിലയ്ക്ക് നരേന്ദ്ര മോഡിയുടെ നേതൃത്വത്തിലുള്ള റാലികൾ നടത്താനാണ് തീരുമാനം. പല സംസ്ഥാനങ്ങളും മുഖ്യമന്ത്രിമാർ ഉൾപ്പെടെയുള്ളവർക്ക് സ്വീകാര്യത ഇല്ലെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തില്‍ 2024ലും മോഡിയെ മുൻനിർത്തി തെരഞ്ഞെടുപ്പ് നടത്താനാണ് ലക്ഷ്യം വയ്ക്കുന്നത്. മോഡി നേരിട്ടെത്തുന്നത് മണ്ഡലങ്ങളിൽ വലിയ തരംഗം ഉണ്ടാക്കുമെന്നാണ് നേതൃത്വം കരുതുന്നത്. 

Eng­lish Sum­ma­ry: 2024 chal­lenge for BJP: Amit Shah and Modi start race

You may like this video also

Exit mobile version