Site iconSite icon Janayugom Online

ഇന്തോനേഷ്യയില്‍ സംഗീത പരിപാടിക്കിടെ 30 പേര്‍ കുഴ‍ഞ്ഞുവീണു

കൊറിയന്‍ ബാന്‍ഡായ എന്‍സിടി 127 ന്റെ ഇന്തോനേഷ്യയിലെ ആദ്യ സംഗീതപരിപാടിക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 30 പേര്‍ കുഴഞ്ഞുവീണു. ഇതേതുടര്‍ന്ന് പരിപാടി നിര്‍ത്തിവച്ചു. കഴിഞ്ഞ മാസം ഇന്തോനേഷ്യയിലെ ഫുട്ബോള്‍ സ്റ്റേഡിയത്തിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് 40 കുട്ടികള്‍ ഉള്‍പ്പെടെ 130 പേര്‍ കൊല്ലപ്പെട്ട സംഭവത്തിന്റെ ഞെട്ടലില്‍ നിന്ന് മാറുന്നതിന് മുമ്പാണ് ഇത്. തലസ്ഥാനമായ ജക്കാര്‍ത്തയ്ക്ക് അടുത്താണ് സംഗീതനിശ സംഘടിപ്പിച്ചത്. പരിപാടി തുടങ്ങി രണ്ടു മണിക്കൂര്‍ പിന്നിട്ടപ്പോള്‍ ഗായകരുടെ അടുത്തെത്താന്‍ ആരാധകര്‍ തിരക്കുകൂട്ടിയതോടെ സ്റ്റേജിന് സമീപമുള്ള ബാരിക്കേഡ് തകരുകയായിരുന്നു. മുപ്പതോളം പേര്‍ കുഴ‍ഞ്ഞുവീണതോടെ പരിപാടി നിര്‍ത്തിവയ്ക്കാന്‍ നിര്‍ബന്ധിതരാകുകയായിരുന്നുവെന്ന് സംഘാടകര്‍ അറിയിച്ചു. കടുത്ത നിയന്ത്രണങ്ങളോടെ അടുത്ത ദിവസം സംഗീതനിശ തുടരാന്‍ ബാന്‍ഡിന് അനുമതി നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ആഴ്ച ജക്കാര്‍ത്തയില്‍ നടന്ന മറ്റൊരു സംഗീതപരിപാടിക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് നിരവധിപ്പേര്‍ ബോധരഹിതരായിരുന്നു. അന്നേദിവസമാണ് ദക്ഷിണകൊറിയയിലെ സിയോളില്‍ ഹാലോവീന്‍ ആഘോഷത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും 150 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടത്.

 

Eng­lish Sum­ma­ry: Pop Band Ends Indone­sia Con­cert After 30 Faint In Stampede

 

 

Exit mobile version