Site iconSite icon Janayugom Online

കുംഭമേള റൂട്ടിൽ 35 കിലോമീറ്റർ ഗതാഗതക്കുരുക്ക്; രാത്രി മുതൽ ഹൈവേയിൽ ചിലവഴിച്ച് ഭക്തർ

35 കിലോ മീറ്ററോളം നീളുന്ന ഗതാഗതക്കുരുക്ക് മൂലം രാത്രി മുഴുവൻ ബിഹാറിലെ ഒരു ഹൈവേയിൽ ചിലവഴിച്ച് പ്രയാഗ് രാജിലെ കുംഭമേളയിൽ പങ്കെടുക്കാനെത്തിയ ആയിരക്കണക്കിന് ഭക്തർ. ഇന്ന് രാവിലെ മുതൽ സസരത്തിലെ റോഹ്താസ് നാഷണൽ ഹൈവേയിൽ ട്രക്കുകളുടെയും ബസുകളുടെയും കാറുകളുടെയും നീണ്ട നിരയാണ് കാണപ്പെട്ടത്. ഗതാഗതം സുഗമമാക്കാൻ കാത്ത് നിൽക്കുന്ന ഭക്തരെയും ഇതോടൊപ്പം കാണുന്നു. 

പ്രയാഗ് രാജിൽ വലിയ വാഹനങ്ങളുടെ പ്രവേശനം നിരോധിച്ച ഉത്തർപ്രദേശ് സർക്കാരിൻറെ തീരുമാനം റോഹ്തഗിൽ വലിയ ഗതാഗതക്കുരുക്ക് ഉണ്ടാകുന്നതിന് കാരണമായതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ആറ് പുണ്യദിനങ്ങളിൽ അഞ്ചാമത്തെ ദിവസമായ മാഗി പൂർണിമയിൽ വൻ ഭക്തജനത്തിരക്കാണ് പ്രായാഗ് രാജിൽ പ്രതീക്ഷിക്കുന്നത്. നേരത്തെ തന്നെ മേള നടക്കുന്ന സ്ഥലത്തേക്ക് വാഹനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയിരുന്നു. ഇന്ന് വൈകുന്നേരം ആകുമ്പോഴേക്ക് അത് നഗരം മുഴുവൻ വ്യാപിപ്പിക്കുകയും ചെയ്യും. 

ഗതാഗതക്കുരുക്ക് മാറുന്നത് പ്രതീക്ഷിച്ച് മടുത്ത ചില ഭക്തർ റോഡിലൂടെ കാൽ നടയായി പോകാൻ ആരംഭിച്ചപ്പോൾ മറ്റ് ചില ഭക്തർ ഗതാഗതക്കുരുക്ക് മാറുന്നത് നോക്കി ഹൈവേയുടെ അരികിൽ കാത്തിരിക്കുന്നു. അതോടൊപ്പം തന്നെ ആളുകൾ വിശപ്പും ദാഹവും കടുത്ത തണുപ്പും മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്നു. 

എത്രയും വേഗം ഇതിന് പരിഹാരമുണ്ടാക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം. ഘട്ടം ഘട്ടമായി ഗതാഗതക്കുരുക്കൾ നീക്കം ചെയ്ത് വരികയാണെന്ന് അധികൃതർ അറിയിച്ചു. 

Exit mobile version