Site iconSite icon Janayugom Online

മെഡിക്കൽ കോളജ് ഡോക്ടറുടെ വാടക വീട്ടിൽ 360 കിലോ അമോണിയം നൈട്രേറ്റ്, വനിത ഡോക്ടറുടെ കാറിൽ തോക്ക്; പിന്നാലെ അറസ്റ്റ്

നിരോധിത ഭീകര സംഘടനകളുമായി ബന്ധമുള്ള ഭീകര നെറ്റ്‍വർക്ക് തകര്‍ത്ത് ജമ്മു കശ്മീർ, ഹരിയാന പൊലീസ് സേനകൾ. ഹരിയാനയിലെ ഫരീദാബാദിലുള്ള ഒരു മെഡിക്കൽ കോളേജുമായി ബന്ധമുള്ള ഡോക്ടർമാരിൽ നിന്ന്, സ്ഫോടകവസ്തുക്കൾ നിർമ്മിക്കാൻ ഉപയോഗിക്കുന്ന 360 കിലോഗ്രാം അമോണിയം നൈട്രേറ്റ്, ഒരു അസോൾട്ട് റൈഫിൾ, വൻ ആയുധ ശേഖരം എന്നിവയും പിടിച്ചെടുത്തു. അതേസമയം രാജ്യവ്യാപകമായി നടന്ന പരിശോധനയിൽ ഏഴുപേരെ അറസ്റ്റ് ചെയ്തതെന്ന് ജമ്മുകശ്മീർ പൊലീസ് അറിയിച്ചു.

മെഡിക്കൽ കോളജിലെ ഡോക്ടറായ ഡോ. മുസാമിൽ ഷക്കീലിനെയാണ് ആദ്യം അറസ്റ്റ് ചെയ്തത്. ഞായറാഴ്ച അൽ ഫലാഹ് ആശുപത്രിക്ക് സമീപം ഇയാൾ വാടകയ്ക്ക് എടുത്ത വീട്ടിൽ നിന്ന് രാസവസ്തുക്കൾ കണ്ടെത്തിയതിനെ തുടർന്നായിരുന്നു അറസ്റ്റ് ചെയ്തത്. ഇതേ ആശുപത്രിയിൽ ജോലി ചെയ്യുന്ന വനിതാ ഡോക്ടറുടെ കാറിൽ നിന്ന് ഒരു കരോം കോക്ക് അസോൾട്ട് റൈഫിളും കണ്ടെത്തിയിരുന്നു. ഇവരെ ചോദ്യം ചെയ്യലിനായി കസ്റ്റഡിയിലെടുത്തിരുന്നു. മറ്റൊരു ഡോക്ടറായ ഡോ. ആദിൽ അഹമ്മദ് റാത്തറിനെ നേരത്തെ ആയുധക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തത്. 

ഇയാളെ ചോദ്യം ചെയ്തതിൽ നിന്ന് ലഭിച്ച നിർണായക വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് തിങ്കളാഴ്ചത്തെ റെയ്ഡ്.ഇവരുടെ ശൃംഖലയുടെ ഭാഗമെന്ന് സംശയിക്കുന്ന മറ്റൊരു ഡോക്ടർക്കായി ഫരീദാബാദിലും പരിസരങ്ങളിലും തെരച്ചിൽ നടക്കുകയാണ്. മുസാമിലുമായി നിരന്തര സമ്പർക്കം പുലർത്തിയിരുന്ന ഫരീദാബാദിലെ പള്ളിയിലെ മുഖ്യ പുരോഹിതനായ (ഇമാം) ഇഷ്തിയാഖിനെയും അന്വേഷണ സംഘം അറസ്റ്റ് ചെയ്തതായി അധികൃതർ അറിയിച്ചു.

Exit mobile version