Site iconSite icon Janayugom Online

38–ാമത് കേരള ശാസ്‌ത്ര കോണ്‍ഗ്രസിന് നാളെ തുടക്കം; ഫെബ്രുവരി ഒന്നിന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

കേരള സംസ്ഥാന ശാസ്‌ത്ര സാങ്കേതിക പരിസ്ഥിതി ക‍ൗൺസിൽ (കെഎസ്‌സിഎസ്‌ടിഇ) സംഘടിപ്പിക്കുന്ന 38–ാമത്‌ കേരള ശാസ്‌ത്ര കോൺഗ്രസിന്‌ വെള്ളിയാഴ്‌ച എറണാകുളം സെന്റ്‌ ആൽബർട്‌സ്‌ കോളേജിൽ തുടക്കമാകും. ഫെബ്രുവരി ഒന്നിന്‌ രാവിലെ 10ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ സയൻസ്‌ കോൺഗ്രസ്‌ ഉദ്‌ഘാടനം ചെയ്യുമെന്ന്‌ സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. മന്ത്രി പി രാജീവ്‌ പങ്കെടുക്കും. ഡിആർഡിഒ മുൻ ഡയറക്‌ടർ ജനറൽ ഡോ. ടെസി തോമസിന്‌ കേരള ശാസ്‌ത്ര പുരസ്‌കാരം മുഖ്യമന്ത്രി സമ്മാനിക്കും. വിവിധ ശാസ്‌ത്ര പുരസ്‌കാരങ്ങളും വിതരണംചെയ്യും. ‘നീല സമ്പദ്‌വ്യവസ്ഥയ്ക്കും ആവാസവ്യവസ്ഥ പുനഃസ്ഥാപനത്തിനുമുള്ള സമുദ്ര ശാസ്ത്രം’ എന്നതാണ്‌ ഇ‍ൗ വർഷത്തെ വിഷയം. ഫെബ്രുവരി രണ്ടിനാണ്‌ സമാപനം. നാലു ദിവസത്തെ കോൺഗ്രസിൽ രാജ്യത്തെ ശാസ്ത്രജ്ഞർ, ഗവേഷകർ, അധ്യാപകർ, വിദ്യാർഥികൾ, വ്യവസായ വിദഗ്‌ധർ എന്നിവരടക്കം 2000 പ്രതിനിധികൾ പങ്കെടുക്കും. 13 വ്യത്യസ്‌ത വിഷയമേഖലകളിൽ സാങ്കേതിക സെഷനുകള്‍ നടക്കും. തെരഞ്ഞെടുത്ത 750 പ്രബന്ധങ്ങൾ അവതരിപ്പിക്കും. പിജി വിദ്യാര്‍ഥികളുമായുള്ള സംവേദന സെഷനുകള്‍, വാക്ക് വിത്ത് ദ സയന്റിസ്‌റ്റ്‌, പ്രാദേശിക പ്രശ്നങ്ങള്‍ക്ക് ശാസ്ത്രീയ പരിഹാരങ്ങള്‍, പാനല്‍ ഡിസ്‌കഷനുകള്‍ തുടങ്ങിയവയുമുണ്ടാകും. 

കോൺഗ്രസിനോടനുബന്ധിച്ച്‌ വെള്ളി രാവിലെ 10.15 മുതൽ 3.30 വരെ എറണാകുളം സെന്റ് ആൽബർട്സ് കോളേജിൽ ശാസ്‌ത്രസമ്മേളനം നടക്കും. ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എഡ്യുക്കേഷൻ മുൻ ചെയർമാൻ പ്രൊഫ. ടി ജി സീതാറാം ഉദ്ഘാടനം ചെയ്യും. സെന്റ്‌ ആൽബർട്‌സ്‌ ഹയർ സെക്കൻഡറി സ്‌കൂളിൽ സംഘടിപ്പിക്കുന്ന ശാസ്ത്ര പ്രദർശനം വെള്ളി രാവിലെ 9.15ന് മേയർ വി കെ മിനിമോൾ ഉദ്ഘാടനം ചെയ്യും.
കെഎസ്‌സിഎസ് ടിഇ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ്- പ്രൊഫ. കെ പി സുധീർ, പ്രോഗ്രാം കൺവീനർ പ്രൊഫ. എ സാബു, ഡോ. ആർ ആശാലത, ഡോ. ജസ്റ്റിൻ ജോസഫ് റെബെല്ലോ, ഡോ. ആന്റണി തോപ്പിൽ, ഡോ. സി അരുണൻ, ഡോ. ജയ ജേക്കബ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Exit mobile version