കേരളത്തിന് വീണ്ടുമൊരു വന്ദേ ഭാരത് എക്സ്പ്രസ് സർവീസ് വരുന്നു. എറണാകുളത്ത് നിന്ന് തൃശൂർ, പാലക്കാട് വഴി ബെംഗളൂരുവിലേക്കാണ് പുതിയ ട്രെയിൻ സർവീസ് നടത്തുന്നത്. നവംബർ മാസം പകുതിയോടെ ട്രെയിൻ സർവീസ് ആരംഭിച്ചേക്കുമെന്നാണ് കരുതുന്നത്. ഉദ്ഘാടന തീയതി നിലവിൽ അറിയിച്ചിട്ടില്ലെങ്കിലും എറണാകുളം – ബെംഗളൂരു വന്ദേ ഭാരത് എക്സ്പ്രസിൻ്റെ സമയക്രമം പുറത്തുവന്നിട്ടുണ്ട്. ട്രെയിൻ നമ്പർ 22651 (കെഎസ്ആർ ബെംഗളൂരു – എറണാകുളം വന്ദേ ഭാരത് എക്സ്പ്രസ്) രാവിലെ 05:10 ന് ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട് ഉച്ചയ്ക്ക് 1:50 ഓടെ എറണാകുളത്ത് എത്തിച്ചേരും.
ട്രെയിൻ നമ്പർ 22652 (എറണാകുളം – കെഎസ്ആർ ബെംഗളൂരു വന്ദേ ഭാരത് എക്സ്പ്രസ്) ഉച്ചയ്ക്ക് 2:20 നാണ് എറണാകുളം ജങ്ഷനിൽ നിന്ന് യാത്ര പുറപ്പെടുന്നത്. രാത്രി 11:00 ന് ബെംഗളൂരുവിൽ എത്തിച്ചേരും. കൃഷ്ണരാജപുരം, സേലം, ഈറോഡ്, തിരുപ്പൂർ, കോയമ്പത്തൂർ, പാലക്കാട്, തൃശൂർ എന്നിവിടങ്ങളിലാണ് ഈ ട്രെയിനിന് സ്റ്റോപ്പുകൾ ഉണ്ടാകുക.

