മുംബൈയിലെ പണി നടന്നുകൊണ്ടിരിക്കുന്ന കെട്ടിടത്തിലെ വാട്ടർ ടാങ്ക് വൃത്തിയാക്കുന്നതിനിടെ 4 തൊഴിലാളികൾ ശ്വാസം മുട്ടി മരിച്ചതായി അധികൃതർ അറിയിച്ചു. ഇന്ന് ഉച്ചയ്ക്ക് 12.30ഓടെ നാഗ്പട മേഖലയിലെ ധിംടിംകർ റോഡിൽ സ്ഥിതി ചെയ്യുന്ന ബിസ്മില്ല സ്പേസ് ബിൽഡിംഗിലാണ് സംഭവം. സൈറ്റിലുണ്ടായിരുന്ന മറ്റുള്ളവർ അഗ്നിശമന സേനയെ വിവരം അറിയിച്ചതിനെ തുടർന്ന് അവർ സ്ഥലത്തെത്തി തൊഴിലാളികളെ പുറത്തെടുക്കുകയും അടുത്തുള്ള ജെജെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ ഡോക്ടർമാർ മരണം സ്ഥിരീകരിക്കുകയായിരുന്നു.
ബ്രിഹൻ മുംബൈ മുനിസിപ്പൽ കോർപ്പറേഷനിലെ അധികൃതരും ലോക്കൽ പൊലീസും സ്ഥലത്തെത്തുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തതായി പൊലീസ് അധികൃതർ അറിയിച്ചു.

