Site iconSite icon Janayugom Online

രാജ്യത്ത് കോവിഡ് കേസുകളിൽ 41 ശതമാനം വർധനവ്; 5,223 പുതിയ രോഗികൾ

കഴിഞ്ഞ 24 മണിക്കൂറിൽ ഇന്ത്യയിൽ പുതുതായി റിപ്പോർട്ട് ചെയ്തത് 5,233 പുതിയ കോവിഡ് കേസുകൾ. മാർച്ച് ആറിന് ശേഷം രാജ്യത്ത് റിപ്പോർട്ട് ചെയ്ത ഏറ്റവുമുയർന്ന കേസ് നിരക്കാണിത്. ഏഴ് പേരാണ് കഴിഞ്ഞ 24 മണിക്കൂറിൽ കോവിഡ് ബാധിച്ച് മരിച്ചത്. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് പ്രതിദിന കേസുകളിൽ 41 ശതമാനം വർധനവാണ് രേഖപ്പെടുത്തിയത്.

ഇന്നലെ കേസുകൾ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്തത് മഹാരാഷ്ട്രയിലാണ്. പുതുതായി 1881 പുതിയ കോവിഡ് കേസുകളാണ് ഇവിടെ ഇന്നലെ റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ ദിവസത്തേക്കാൾ 81 ശതമാനം കൂടുതലായിരുന്നു ഇത്.

മഹാരാഷ്ട്രയിൽ ഒമിക്രോണിന്റെ ബി.എ. 5 വേരിയന്റ് കണ്ടെത്തിയിരുന്നു. ഇതിൽ ജാഗ്രത പുലർത്തേണ്ടതുണ്ടെന്നും, എന്നാൽ വൻതോതിലൊരു കേസുകളുടെ കുതിച്ചുചാട്ടത്തിന് ഈ വകഭേദം ഇതുവരെ വഴിവച്ചിട്ടില്ലെന്നുമാണ് മഹാരാഷ്ട്ര ആരോഗ്യവകുപ്പിന്റെ വിലയിരുത്തൽ. മുംബൈ നഗരത്തിൽ ഇന്നലെ 1,242 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. തിങ്കളാഴ്ച റിപ്പോർട്ട് ചെയ്ത കണക്കുകളുടെ ഇരട്ടിയോളമായിരുന്നു ഇത്.

കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് അനുവദിച്ചതിന് പിന്നാലെ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ വീഴ്ച സംഭവിച്ചതാകാം കോവിഡ് കണക്ക് വീണ്ടും ഉയരാൻ കാരണമായതെന്നാണ് ആരോഗ്യ വിദഗ്ധരുടെ വിലയിരുത്തൽ.

ലോക്ക്ഡൗൺ ഉൾപ്പടെയുള്ള കോവിഡ് നിയന്ത്രണങ്ങൾ വീണ്ടും നടപ്പിലാക്കുന്നത് ഒഴിവാക്കണമെങ്കിൽ മാസ്ക് ഉൾപ്പടെയുള്ള മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കാൻ മഹാരാഷ്ട്ര മുഖ്യമന്ത്രി നിർദേശം നൽകി. വാക്സിനേഷനും മുൻകരുതൽ ഡോസ് വിതരണവും വിലയിരുത്താൻ ഇന്നലെ ആരോഗ്യമന്ത്രി മാൻസുഖ് മാണ്ഡവിയ ഉദ്യോഗസ്ഥരുമായി യോഗം ചേർന്നിരുന്നു.

കോവിഡ് കേസിലെ വർധന ജാഗ്രതയോടെ നിരീക്ഷിക്കണമെന്ന് ഐസിഎംആർ അഡീഷണൽ ഡയറക്ടർ ജനറൽ സമീരൻ പാണ്ഡെ ഓർമ്മിപ്പിച്ചു. എന്നാൽ നിലവിലെ കണക്ക് പ്രകാരം നാലാം തരംഗമെന്ന ആശങ്കയ്ക്ക് ഇടമില്ല എന്നും സമീറൻ പാണ്ഡെ വ്യക്തമാക്കി.

Eng­lish summary;41 per cent increase in covid cas­es in the coun­try; 5,223 new patients

You may also like this video;

Exit mobile version