Site iconSite icon Janayugom Online

സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചിട്ട് 5 വർഷം ; ഐസൊലേഷ‍ന്‍ വാര്‍ഡിലെ ചിരിദിനങ്ങള്‍ ഓർത്ത് ആദ്യമായി രോഗവിമുക്തനായ മലയാളി

 

രോ തട്ടിവിളിച്ചപ്പോഴാണ് പാതിമയക്കത്തില്‍ നിന്നുണര്‍ന്നത്. കണ്ണുതുറന്നപ്പോള്‍ ആലപ്പുഴ മെഡിക്കല്‍ കോളജിലെ ഐസലേഷന്‍ വാര്‍ഡില്‍ നിറഞ്ഞ ചിരിയുമായി രണ്ട് നഴ്‌സുമാര്‍. ‘കഴിക്കാന്‍ എന്താണ് വേണ്ടത്?. അവരുടെ ചോദ്യം കേട്ട് രണ്ട് വട്ടം ആലോചിച്ചില്ല, മറുപടി വേഗത്തില്‍ പറഞ്ഞു- ‘ഒരു പ്ലേറ്റ് ബിരിയാണി പോരട്ടെ’. ‘പനിയുള്ളപ്പോഴും ഹെവിഫുഡ് മാറ്റരുത്’- നഴ്‌സുമാര്‍ പറഞ്ഞപ്പോള്‍
പിന്നവിടെ കൂട്ടച്ചിരിയായി. ഇന്ത്യയില്‍ രണ്ടാമതായി കോവിഡ് ‑19 സ്ഥിരീകരിക്കുകയും ആദ്യമായി രോഗത്തില്‍ നിന്നും മുക്തനാകുകയും ചെയ്ത മലയാളിയായ മെഡിക്കല്‍ വിദ്യാര്‍ത്ഥി ഐസലേഷന്‍ വാര്‍ഡിലെ അനുഭവങ്ങള്‍ പങ്കുവെച്ചു. കോവിഡ് ‑19 ന്റെ തലസ്ഥാനമായ ചൈനയിലെ വുഹാന്‍ സര്‍വ്വകലാശാലയിലെ മൂന്നാം വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ത്ഥിയായിരുന്നു  ആലപ്പുഴ സ്വദേശിയായ  ഈ യുവാവ്.

ഐസൊലേഷന്‍ വാര്‍ഡിലെ അനുഭവങ്ങള്‍

ജീവിതത്തില്‍ ആദ്യമായാണ് ആശുപത്രിയില്‍ അഡ്മിറ്റാകുന്നത്. ഐസൊലേഷന്‍ വാര്‍ഡിന്റെ പടികടന്നെത്തുമ്പോള്‍ കുറച്ച് ദുഖവും സന്ദേഹവുമെല്ലാം ഉണ്ടായിരുന്നു. ക്രമേണ അതെല്ലാം മാറി. അത്രയേറെ ഹൃദ്യമായിരുന്നു അവിടുത്തെ അനുഭവങ്ങള്‍. താന്‍ കാരണം ഒരാള്‍ക്കുപോലും രോഗം ഉണ്ടാകരുതെന്ന ഉറച്ച നിലപാടാണ് ചികിത്സയ്ക്ക് വിധേയനാകാനുള്ള തീരുമാനത്തിന് പിന്നില്‍. ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും നാല് മണിക്കൂര്‍ ഇടവിട്ട് ഷിഫ്റ്റ് ഡ്യൂട്ടിയാണ്. എപ്പോഴും ഇവര്‍ റൂമിലെത്തും. വീടുപോലെ തന്നെ വൃത്തിയുള്ള മുറിയും അറ്റാച്ച്ഡ് ബാത്ത്റൂമും. ആശുപത്രിയുടേതായ അന്തരീക്ഷമായിരുന്നില്ല അവിടെ. കഴിക്കാന്‍ ഇഷ്ടമുള്ള ഭക്ഷണം. അപ്പവും സ്റ്റൂവും ബിരിയാണിയും ചോറും മീനും ഇറച്ചിയുമെല്ലാം സുലഭമായി ലഭിക്കും. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ കഴിയുന്നതിനാലും ‍ഡോക്ടര്‍മാരുടേയും നഴ്‌സുമാരുടേയുമെല്ലാം സ്നേഹപൂര്‍വ്വമായ സാമീപ്യമുള്ളതിനാലും അതൊരു ഒറ്റപ്പെടലിന്റെ വാര്‍ഡാണെന്ന് തോന്നിയിട്ടേയില്ല. രോഗിയാണെന്ന വേര്‍തിരിവും ആരുടേയും പെരുമാറ്റത്തിലുമില്ല.

ചൈനയില്‍ നിന്നും കേരളത്തിലെത്തിയപ്പോഴുള്ള അനുഭവം

കോവിഡ് ‑19 ചൈനയില്‍ വ്യാപകമായതോടെ ഒട്ടേറെ നിയന്ത്രണങ്ങളും അവിടുത്തെ ഭരണകൂടം കൊണ്ടുവന്നു. 2020 ജനുവരി 24ന് പുതിയ മുന്നറിയിപ്പ് പുറത്തുവിട്ടു. നാളെ മുതല്‍ വിമാനവും ബസും അടക്കമുള്ള എല്ലാ യാത്രാ സര്‍വ്വീസുകളും നിര്‍ത്തിവെയ്ക്കും. പിന്നെ എത്രയും പെട്ടെന്ന് നാട്ടിലെത്തണമെന്ന ചിന്തമാത്രമായി. അന്ന് തന്നെ രണ്ടായിരത്തോളം കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള കുന്‍മിംഗ് എന്ന സ്ഥലത്തേയ്ക്ക് ട്രെയിന്‍ മാര്‍ഗമെത്തി. പിന്നീട് വിമാനത്തില്‍ കൊല്‍ക്കട്ടയിലേയ്ക്ക്. ഇവിടെ എത്തിയപ്പോള്‍ തന്നെ വുഹാനില്‍ നിന്നാണ് വന്നതെന്ന സത്യവാങ്ങ്മൂലം നല്‍കി. പിന്നീട് നെടുമ്പാശ്ശേരി വിമാനത്താവളത്തിലേയ്ക്ക്. ഇവിടെയും റിപ്പോര്‍ട്ട് ചെയ്തു. നാട്ടിലെത്തിയപ്പോള്‍ തൊട്ടടുത്തുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ വിവരങ്ങള്‍ ധരിപ്പിച്ചു. വീട്ടുകാരുമായി സമ്പര്‍ക്കം പുലര്‍ത്താതെ കുറച്ച് ദിവസം ഒറ്റയ്ക്ക് കഴിയാനായിരുന്നു അവരുടെ നിര്‍ദേശം. ആരോഗ്യവകുപ്പ് ജീവനക്കാര്‍ എപ്പോഴും വിളിച്ച് കാര്യങ്ങള്‍ തിരക്കുമായിരുന്നു.

വാര്‍ഡിലേയ്ക്ക് മാറ്റാനുള്ള സാഹചര്യം

കേരളത്തിൽ ആദ്യമായി രോഗം സ്ഥിരീകരിച്ചത് തൃശൂരില്‍ സ്വദേശിനിയായ സഹപാഠിയായിരുന്നു . ഇവര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെയാണ് ആലപ്പുഴ മെഡിക്കല്‍ കോളജിലെ ഐസലേഷന്‍ വാര്‍ഡിലേയ്ക്ക് ജനുവരി 30ന് മാറ്റിയത്. തൊട്ടടുത്ത പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടര്‍ ഉള്‍പ്പടെ വീട്ടിലെത്തി. മെഡിക്കല്‍ കോളജ് ആശുപത്രിയിലേയ്ക്ക് കൊണ്ടുപോയത് ഈ ഡോക്ടറാണ്. പിന്നീട് അദ്ദേഹം വീട്ടില്‍ സ്വയം നിരീക്ഷണത്തില്‍ ഏര്‍പ്പെട്ടു. മാതാപിതാക്കളെ മറ്റൊരു വാഹനത്തില്‍ ജനറല്‍ ആശുപത്രിയിലേയ്ക്കും മാറ്റി.

   

ഏറെ വേദനിപ്പിച്ച അനുഭവം

സമൂഹ മാധ്യമയില്‍ ഉണ്ടായ വ്യാജ പ്രചരണമാണ് ഏറെ വേദനിപ്പിച്ചത്. രോഗം ബാധിച്ച താന്‍ ഉത്സവങ്ങളിലും കല്യാണ ചടങ്ങുകളിലും പങ്കെടുത്തെന്നായിരുന്നു പ്രചരണം. തന്റെ ഫോട്ടോ ഉള്‍പ്പെടെ വാട്സ്ആപ് ഗ്രൂപ്പുകളില്‍ പ്രചരിച്ചു. സൈബര്‍സെല്‍ അധികൃതര്‍ക്ക് നല്‍കി പരാതിയെ തുടര്‍ന്ന് ഉടന്‍ തന്നെ രണ്ട് പേരെ അറസ്റ്റ് ചെയ്തു. പിന്നീട് പലപ്പോഴും ഈ വാട്സ് ആപ് സന്ദേശങ്ങള്‍ വായിച്ച് ആശുപത്രി ജീവനക്കാര്‍ കളിയാക്കുമ്പോള്‍ ചിരിവരുമായിരുന്നു.

രോഗലക്ഷണങ്ങള്‍ തുടക്കത്തിൽ ഉണ്ടായില്ല

പ്രകടമായ രോഗലക്ഷണങ്ങള്‍ ഒന്നും തന്നെ തുടക്കത്തില്‍ ഇല്ലായിരുന്നു. പിന്നീട് പനി കൂടി നൂറ് ഡിഗ്രിവരെ എത്തി. മറ്റ് രോഗങ്ങള്‍ ഒന്നുംതന്നെ ഉണ്ടായിരുന്നില്ല. അതുകൊണ്ട് വളരെ കുറച്ച് മരുന്നുകള്‍ മാത്രമാണ് നല്‍കിയത്. ഓരോ രോഗിക്കും വ്യത്യസ്തങ്ങളായ ലക്ഷണങ്ങളാണ് ഉള്ളത്. പ്രായം, മറ്റ് രോഗങ്ങള്‍ എന്നിവ അനുസരിച്ചായിരിക്കും മരുന്നും ഭക്ഷണവും നല്‍കുക. ആലപ്പുഴയിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പരിശോധന തുടങ്ങുന്നതിന് മുന്‍പാണ് ഐസലേഷന്‍ വാര്‍ഡില്‍ പ്രവേശിച്ചത്. പൂനയിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നം 2 ദിവസം കഴിഞ്ഞാണ് പോസിറ്റീവാണെന്ന ഫലം വന്നത്. മരുന്നിനോടൊപ്പം ഡോക്ടര്‍മാരും നഴ്‌സുമാരും നല്‍കിയ മാനസിക പിന്തുണയാണ് രോഗം പൂര്‍ണ്ണമായും മാറാന്‍ കാരണമായത്.

കേരളത്തിലെ അനുഭവങ്ങള്‍ മറക്കാനാവാത്തത്

ഒരു ദിവസം അപ്രതീക്ഷിതമായി ഫോണ്‍ കോള്‍ വന്നു. ആരോഗ്യമന്ത്രി കെ കെ ഷൈലജ ടീച്ചറായിരുന്നു അപ്പുറത്ത്. ‘ഞങ്ങളെല്ലാവരും കൂടെ തന്നെയുണ്ട്. കൃത്യമായി നിര്‍ദേശങ്ങള്‍ പാലിച്ചതിനാല്‍ നിങ്ങള്‍ കാരണം മറ്റാര്‍ക്കും രോഗം പകര്‍ന്നിട്ടില്ല. യാതൊരു ഭീതിയും വേണ്ട.’ ഏറെ സന്തോഷം തോന്നിയ നിമിഷമായിരുന്നു അത്. പ്രതികൂലമായ അവസ്ഥയിലും ചൈനയില്‍ നിന്നും നാട്ടിലേയ്ക്ക് മടങ്ങുമ്പോള്‍ ഒറ്റ ചിന്തമാത്രമേ മനസിലുണ്ടായിരുന്നുള്ളൂ. താന്‍ കാരണം ആര്‍ക്കും രോഗം ഉണ്ടാകരുത്. മനസില്‍ മാതാപിതാക്കളുടേയും നാട്ടുകാരുടേയുമെല്ലാം മുഖങ്ങള്‍ മാറി മാറി തെളിഞ്ഞ നിമിഷങ്ങള്‍. ഏറെ തിരക്കുകള്‍ക്കിടയിലും ഒരു രോഗിയുടെ അവസ്ഥ ചോദിച്ചറിയുവാനും ആശ്വ സിപ്പിക്കുവാനും ആരോഗ്യമന്ത്രി തന്നെ നേരിട്ട് വിളിക്കുന്നത് ഒരുപക്ഷേ കേരളത്തിന്റെ മാത്രം പ്രത്യേകതയായിരിക്കും. പ്രതിരോധ പ്രവര്‍ത്തനങ്ങളിലും ജാഗ്രതയിലുമെല്ലാം കേരളം ലോകത്തിന് തന്നെ മാതൃകയാണ്.

സമൂഹത്തിനോട് പറയാനുള്ളത്

സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിച്ചാല്‍ തീര്‍ച്ചയായും ഇതിനേക്കാള്‍ വലിയ വൈറസുകളെ നമുക്ക് തുരത്താനാകും. വ്യക്തിശുചിത്വം ഏറ്റവും അനിവാര്യമാണ്. കൂടാതെ രോഗ ലക്ഷണമുള്ളവര്‍ ആരോഗ്യ പ്രവര്‍ത്തകരെ ബന്ധപ്പെടുകതന്നെ ചെയ്യണം. അതല്ലെങ്കില്‍ അവര്‍മൂലം മറ്റുള്ളവരിലേയ്ക്ക് ബോധപൂര്‍വ്വം രോഗം പടരാന്‍ ഇടയാകും. അത് ഒരിക്കലും മായ്ക്കാനാകാത്ത തെറ്റായി തന്നെ നിലനില്‍ക്കും. കൃത്യമായ പരിചരണത്തിലൂടെയും ചികിത്സയിലൂടെയും രോഗം മാറ്റാന്‍ കഴിയുമെന്നതിന് ഏറ്റവും വലിയ തെളിവാണ് ഈ അനുഭവങ്ങള്‍. കുറച്ച് നാള്‍ സമൂഹത്തില്‍ നിന്നും മാറി നിന്നെങ്കിലും ഇപ്പോള്‍ പഴയപോലെ ജീവിതത്തിലേയ്ക്ക് തിരിച്ചെത്തി. രോഗം പൂര്‍ണ്ണമായും മാറിയതോടെ പുറംലോകവുമായി ബന്ധപ്പെടാനും കഴിയുന്നു.

Exit mobile version