Site icon Janayugom Online

5400 വിമാനങ്ങള്‍ നിലത്ത്; വ്യോമയാന മേഖല സ്തംഭിച്ചു

സാങ്കേതിക തകരാറിനെത്തുടര്‍ന്ന് അമേരിക്കയിലെ വ്യോമയാന മേഖല മണിക്കൂറുകളോളം സ്തംഭിച്ചു. മുഴുവന്‍ വിമാനങ്ങളും അടിയന്തരമായി നിലത്തിറക്കി. യുഎസിനകത്തേയ്ക്കും പുറത്തേയ്ക്കുമുള്ള 5400 വിമാനങ്ങള്‍ വൈകി. നൂറിലധികം വിമാനങ്ങള്‍ റദ്ദാക്കുകയും ചെയ്തതായി വ്യോമയാന സേവനങ്ങള്‍ ട്രാക്ക് ചെയ്യുന്ന വെബ്സൈറ്റായ ഫ്ലൈറ്റ്അവേര്‍ റിപ്പോര്‍ട്ട് ചെയ്തു. പ്രാദേശിക സമയം രാവിലെ ഏഴുമണിയോടെയാണ് സങ്കേതിക തകരാര്‍ ശ്രദ്ധയില്‍പ്പെടുന്നത്. തുടര്‍ന്നാണ് വിമാനങ്ങള്‍ അടിയന്തരമായി നിലത്തിറക്കിയത്.
അമേരിക്കയിലെ വ്യോമഗതാഗതം നിയന്ത്രിക്കുന്ന ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷ(എഫ്എഎ)ന്റെ സിസ്റ്റത്തിലാണ് തകരാര്‍ കണ്ടെത്തിയത്. പൈലറ്റിനും വിമാനത്തിലെ മറ്റ് ജീവനക്കാര്‍ക്കും നിര്‍ദേശങ്ങള്‍ നല്‍കാന്‍ ഉപയോഗിക്കുന്ന നോട്ടം (നോട്ടീസ് ടു എയര്‍ മിഷന്‍സ്) സംവിധാനത്തിലുണ്ടായ തകരാറാണ് വ്യോമയാന മേഖലയെ ആകെ പ്രതിസന്ധിയിലാക്കിയതെന്ന് എഫ്എഎ അറിയിച്ചു. സൈബര്‍ ആക്രമണ സാധ്യതയില്ലെന്നും എഫ്എഎ അറിയിച്ചു. എന്നാല്‍ ഇതുസംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഉത്തരവിട്ടു. 

തുടര്‍ച്ചയായ അവധിദിവസങ്ങള്‍ക്ക് ശേഷം യാത്രക്കാരുടെ തിരക്ക് വര്‍ധിച്ച ദിവസമാണ് സാങ്കേതിക തകരാറുണ്ടത്. ആയിരക്കണക്കിന് ആളുകളാണ് വിമാനത്താവളങ്ങളില്‍ കുടുങ്ങിയത്. വിമാനം വൈകുന്നതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കൈമാറാന്‍ അധികൃതര്‍ തയ്യാറാകുന്നില്ലെന്ന് കാണിച്ച് യാത്രക്കാര്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രതിഷേധം പങ്കുവച്ചു. തകരാര്‍ പരിഹരിച്ചുവെന്നും വിമാന സര്‍വീസുകള്‍ പുനരാരംഭിച്ചതായും എഫ്എഎ പിന്നീട് അറിയിച്ചു.
കാലാവസ്ഥ മോശമായതിനെ തുടര്‍ന്ന് അമേരിക്കയില്‍ നിരവധി വിമാന സര്‍വീസുകള്‍ വെട്ടിക്കുറയ്ക്കേണ്ടി വന്നിരുന്നു. വ്യോമയാന നിരീക്ഷണ സ്ഥാപനമായ കിരിയുമിന്റെ കണക്കനുസരിച്ച് ബുധനാഴ്ച 20,000 ത്തില്‍ അധികം വിമാനങ്ങളാണ് അമേരിക്കയില്‍ നിന്ന് പറന്നുയരേണ്ടിയിരുന്നത്. 

Eng­lish Sum­ma­ry; 5400 air­craft on the ground; The avi­a­tion sec­tor has come to a standstill

You may also like this video

Exit mobile version