Site iconSite icon Janayugom Online

112 ഗ്രാമീണ റോഡുകളുടെ നവീകരണത്തിന് 554.45 കോടി

സംസ്ഥാനത്തെ 112 റോഡുകളുടെ നവീകരണത്തിന് പിഎംജിഎസ്‌വൈ പദ്ധതിയുടെ ഭാഗമായി 554.45 കോടി രൂപയുടെ അനുമതി. 2023–24 സാമ്പത്തിക വർഷത്തിൽ 594.75 കിലോമീറ്റർ ഗ്രാമീണ റോഡ് നവീകരണമാണ് നടക്കുകയെന്ന് തദ്ദേശ സ്വയംഭരണ മന്ത്രി എം ബി രാജേഷ് അറിയിച്ചു.
കേന്ദ്ര‑സംസ്ഥാന സംയുക്ത പദ്ധതിയിൽ 60:40 അനുപാതത്തിലാണ് ഫണ്ട് വിനിയോഗം. 328.45 കോടി രൂപ കേന്ദ്രസർക്കാരും 226 കോടി രൂപ സംസ്ഥാന സർക്കാരും ചെലവഴിക്കും. സംസ്ഥാന സർക്കാർ സമർപ്പിച്ച പ്രോജക്ട് റിപ്പോർട്ട് അംഗീകരിച്ചാണ് പിഎംജിഎസ്‌വൈ എംപവേർഡ് കമ്മിറ്റി പദ്ധതികൾക്ക് അംഗീകാരം നൽകിയത്.
സംസ്ഥാന സർക്കാരിന് കീഴിലുള്ള കെഎസ്എസ്ആർഡിഎ ആണ് പദ്ധതിയുടെ നിർവഹണ ഏജൻസി.
തിരുവനന്തപുരം ജില്ലയില്‍ എട്ട്, കൊല്ലം മൂന്ന്, ആലപ്പുഴ ഒന്ന്, പത്തനംതിട്ട നാല്, കോട്ടയം 13, ഇടുക്കി 13, എറണാകുളം ഒമ്പത്, തൃശൂർ ഏഴ്, പാലക്കാട് എട്ട്, മലപ്പുറം 14, വയനാട് അഞ്ച്, കോഴിക്കോട് 11, കണ്ണൂർ എട്ട്, കാസർകോട് എട്ട് റോഡുകളാണ് പുതുതായി അനുവദിച്ചത്. സംസ്ഥാനത്താകെ 1778 റോഡുകളും നാല് പാലങ്ങളുമാണ് പിഎംജിഎസ്‌വൈയുടെ ഭാഗമായി നിർമ്മിക്കുന്നത്. 5172.24 കോടിയാണ് പദ്ധതി തുക. ഇതിൽ 3597 കോടി രൂപയുടെ പദ്ധതികൾ പൂർത്തിയായി. 1512 റോഡുകളുടെയും രണ്ട് പാലത്തിന്റെയും പണിയാണ് ഇതിനകം പൂർത്തിയായത്. പുതുതായി അനുവദിച്ചത് ഉൾപ്പെടെ 266 റോഡുകളുടെയും രണ്ട് പാലങ്ങളുടെയും നിർമ്മാണം ഇനി പൂർത്തിയാക്കാനുണ്ട്. സമയബന്ധിതമായി പ്രവർത്തനം പൂർത്തിയാക്കാനുള്ള ശ്രമം അതിവേഗം തുടരുകയാണെന്നും മന്ത്രി അറിയിച്ചു.

eng­lish sum­ma­ry; 554.45 crore for upgrad­ing 112 rur­al roads

you may also like this video;

Exit mobile version