ഇന്തോനേഷ്യയിലെ വടക്കൻ സുമാത്ര തീരത്തുള്ള ദ്വീപിൽ 6.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതായി യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കൽ സർവേ (യു എസ് ജി എസ്) അറിയിച്ചു. സിമെലു ദ്വീപിൽ 25 കിലോമീറ്റർ താഴ്ചയിലാണ് ഭൂകമ്പം ഉണ്ടായതെന്നും നാശനഷ്ടങ്ങളോ സുനാമി മുന്നറിയിപ്പോ ഉണ്ടായതായി റിപ്പോർട്ടുകളൊന്നുമില്ലെന്നും യു എസ് ജി എസ് അറിയിച്ചു. വടക്കൻ സുമാത്ര പ്രവിശ്യയിൽ കനത്ത മഴയാണ്. ഇതേ തുടർന്നുള്ള വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും 28 പേർ മരിച്ചിരുന്നു. അതേസമയം, സുമാത്ര ദ്വീപിൽ വീശിയ ‘സെൻയാർ’ എന്ന ഉഷ്ണമേഖലാ ചുഴലിക്കാറ്റ് മലാക്ക കടലിടുക്കിനെ വെള്ളത്തിനടിയിലാക്കുകയും സ്ഥിതി കൂടുതൽ വഷളാക്കുകയും ചെയ്തതായി രാജ്യത്തെ കാലാവസ്ഥാ ഏജൻസി അറിയിച്ചു.
റോഡുകളും വാർത്താവിനിമയ സംവിധാനങ്ങളും പൂർണമായും വിച്ഛേദിക്കപ്പെട്ടതിനാൽ രക്ഷാപ്രവർത്തനങ്ങളും തടസ്സപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. വെള്ളപ്പൊക്കത്തിൽ പത്ത് പേരെ കൂടി കാണാതായതായി രാജ്യത്തെ ദുരന്ത നിവാരണ ഏജൻസിയുടെ വക്താവ് അബ്ദുൾ മുഹാരി പറഞ്ഞു. വടക്കൻ സുമാത്രയിലുടനീളം ഏകദേശം 8,000 പേരെ ഒഴിപ്പിച്ചു. മണ്ണിടിച്ചിലിന്റെ അവശിഷ്ടങ്ങൾ കാരണം റോഡ് ഗതാഗതം തടസ്സപ്പെട്ടിരിക്കുന്നതിനാൽ ഹെലികോപ്റ്റർ സഹായം ക്രമീകരിച്ചിട്ടുണ്ടെന്ന് മുഹാരി അറിയിച്ചു.

