എറണാകുളം കോതമംഗലത്ത് 6 വയസുകാരിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സ്ഥിരീകരിച്ച് പൊലീസ്. ഉറങ്ങിക്കിടന്ന കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണെന്ന് കുട്ടിയുടെ രണ്ടാനമ്മ സമ്മതിച്ചു. ഇന്ന് രാവിലെയായിരുന്നു ആറ് വയസുകാരിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കൃത്യത്തില്‍ കുട്ടിയുടെ പിതാവിന് പങ്കുണ്ടോ എന്ന കാര്യം പൊലീസ് അന്വേഷിക്കുന്നുണ്ട്.
കഴിഞ്ഞ 10 വര്‍ഷമായി കോതമംഗലത്ത് താമസിച്ച് വരുന്ന യുപി സ്വദേശികളാണ് കുട്ടിയുടെ അച്ഛനും രണ്ടാനമ്മയും. കുഞ്ഞിന്റെ മരണത്തില്‍ അസ്വാഭാവികത തോന്നിയ നാട്ടുകാരാണ് വിവരം പഞ്ചായത്ത് മെമ്പറിനെയും പൊലീസിനെയും അറിയിച്ചത്. രാവിലെ എണീക്കുമ്പോള്‍ കുട്ടിക്ക് ബോധമില്ലായിരുന്നെന്നും ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നെന്നുമാണ് രണ്ടാനമ്മ പൊലീസിനോട് പറഞ്ഞത്.
എന്നാല്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ശ്വാസം മുട്ടിയാണ് കുട്ടി മരിച്ചതെന്ന് കണ്ടെത്തിയതോടെ പൊലീസ് അച്ഛനെയും രണ്ടാനമ്മയെയും കസ്റ്റഡിയിലെടുത്തത് വിശദമായ ചോദ്യം ചെയ്യലിന് വിധേയരാക്കുകയായിരുന്നു. ഇതോടെയാണ് കൊലപാതക വിവരം പുറത്ത് വരുന്നത്. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്ത് വിട്ടിട്ടില്ല.

