കര്‍ണാടക സ്വദേശിയില്‍ നിന്ന് 61 കോടി 86 ലക്ഷം രൂപ തട്ടിയ കേസിൽ കണ്ണൂർ സ്വദേശികളായ ദമ്പതികളും മകനും അറസ്റ്റിൽ. മയ്യില്‍ സ്വദേശികളായ രാധാകൃഷ്ണന്‍, ഭാര്യ ഷീബ, മകന്‍ ഷാരോണ്‍ എന്നിവരാണ് പിടിയിലായത്. കണ്ണൂരിൽ വീടും സ്ഥലവും നല്‍കാമെന്ന് വാഗ്ദാനം നല്‍കിയായിരുന്നു തട്ടിപ്പ്. കർണാടക സ്വദേശിയായ വലേരിയന്‍ ആല്‍ബര്‍ട്ട് ഡിസൂസയാണ് തട്ടിപ്പിനിരയായത്.
രാധാകൃഷ്ണനും തട്ടിപ്പിനിരയായ ആല്‍ബര്‍ട്ടും ഗള്‍ഫില്‍ ഒരുമിച്ച് ജോലി ചെയ്തിരുന്നു. അവിടെ വച്ചാണ് ഇരുവരും പരിചയത്തിലായത്. തട്ടിപ്പിന് ഇരയായി എന്ന് മനസിലാക്കിയ ആല്‍ബര്‍ട്ട് ഡിസൂസ മയ്യില്‍ പൊലീസിന് പരാതി നല്‍കുകയായിരുന്നു. ഇതിന് പിന്നാലെയാണ് ദമ്പതികളും മകനും അറസ്റ്റിലായത്. രാധാകൃഷ്ണന്റെ മറ്റൊരു മകന്‍ രാഹുല്‍ ഒളിവില്‍ കഴിയുകയാണ്, ഇയാള്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജിതമാക്കിയതായി പൊലീസ് അറിയിച്ചു.

