Site iconSite icon Janayugom Online

68 പേരുടെ മരണത്തിനിടയാക്കിയ തമിഴ്നാട് മദ്യദുരന്തം; സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി

തമിഴ്‌നാട്ടിലെ വില്ലുപുരം ജില്ലയില്‍ 68 പേരുടെ മരണത്തിന് ഇടയാക്കിയ അനധികൃത മദ്യ ദുരത്തില്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് മദ്രാസ് ഹൈക്കോടതി. ഭരണകക്ഷിയായ ഡിഎംകെയ്ക്ക് വന്‍ തിരിച്ചടിയാകുകയാണ് ഹൈക്കോടതിയുടെ ഈ ഉത്തരവ്.

സര്‍ക്കാര്‍ നേരത്തെ തന്നെ കേസ് സിഐഡിയുടെ ക്രൈംബ്രാഞ്ചിന് വിട്ടുകൊടുക്കുകയും സിബിഐ അന്വേഷണത്തിനെ എതിര്‍ക്കുകയും ചെയ്തിരുന്നു. സംഭവത്തില്‍ 24 പേരെ അറസ്റ്റ് ചെയ്യുകയും കലക്ടറെ സ്ഥലം മാറ്റുകയും എസ്പിയെ സസ്‌പെന്‍ഡ് ചെയ്യുകയും പ്രധാന പൊലീസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുകയും ചെയ്തിരുന്നതായും സര്‍ക്കാര്‍ വാദിച്ചിരുന്നു.

എന്നാല്‍ ഹര്‍ജിക്കാര്‍ അന്വേഷണത്തില്‍ അതൃപ്തി രേഖപ്പെടുത്തുകയും ഇതിന് മുന്‍പുണ്ടായ സമാനമായ ദുരന്തത്തില്‍ നിന്നും സര്‍ക്കാര്‍ പാഠങ്ങളൊന്നും പഠിച്ചിട്ടില്ലെന്നും ആരോപിച്ചു.

ലോക്കല്‍ പൊലീസിനും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റിനും കള്ളക്കടത്തുകാരുമായും അനധികൃത മദ്യവില്‍പ്പനക്കാരുമായും ബന്ധമുണ്ടെന്ന് നാട്ടുകാരും ആരോപിച്ചിരുന്നു.

ഹൈക്കോടതിയുടെ ഈ ഉത്തരവ് തമിഴ്‌നാട്ടിലെ സര്‍ക്കാരിന്റെ മോശം ഭരണത്തിന്റെ സൂചനയാണെന്ന് പ്രതിപക്ഷ പാര്‍ട്ടിയായ എഐഎഡിഎംകെയുടെ സെക്രട്ടറി ഇന്‍ബദുരൈ പറഞ്ഞു.

അതേസമയം ഉത്തരവിനെക്കുറിച്ച് തങ്ങള്‍ക്കൊന്നും പറയാനില്ലെന്നും സിബിഐ അന്വേഷണം നീതി വൈകിപ്പിക്കുമെന്നതാണ് തങ്ങളുടെ ആശങ്കയെന്നും ഡിഎംകെ വക്താവ് കോണ്‍സ്റ്റാന്റിന്‍ പറഞ്ഞു.

Exit mobile version