Site iconSite icon Janayugom Online

മലബാർ മിൽമ ക്ഷീര കർഷകർക്ക് 7.4 കോടി രൂപയുടെ കാലിത്തീറ്റ സബ്സിഡി അനുവദിച്ചു

മലബാർ മിൽമ ക്ഷീര കർഷകർക്ക് 7.4 കോടി രൂപയുടെ കാലിത്തീറ്റ സബ്സിഡി അനുവദിച്ചു. മലബാർ മേഖലാ യൂണിയന് പാലളക്കുന്ന മലബാറിലെ ആറ് ജില്ലകളിലെ ക്ഷീര സംഘങ്ങളിലെ ക്ഷീര കർഷകർക്ക് തീറ്റ വസ്തുക്കൾ പരമാവധി വില കുറച്ചു നൽകുന്നതിന്റെ ഭാഗമായുള്ള സബ്സിഡി ഇതുപ്രകാരം 2025 ജൂലൈ മാസത്തിലും തുടരും. ക്ഷീര സംഘങ്ങളിലൂടെ വിതരണം ചെയ്യുന്ന മിൽമ ഗോമതി ഗോൾഡ് കാലിത്തീറ്റക്ക് 50 കിലോഗ്രാം ചാക്കൊന്നിന് മിൽമ മലബാർ മേഖലാ യൂണിയൻ 100 രൂപയാണ് സബ്സിഡിയായി നൽകുക. കേരള സഹകരണ ക്ഷീര വിപണന ഫെഡറേഷൻ മിൽമ ഗോമതി ഗോൾഡ് കാലിത്തീറ്റക്ക് ജൂൺ മാസത്തിൽ നൽകി വരുന്ന 100 രൂപ ഡിസ്ക്കൗണ്ട് ജൂലൈ മാസത്തിലും തുടരാൻ തീരുമാനിച്ചിട്ടുണ്ട്. ഇതു പ്രകാരം ജൂലൈ മാസത്തിൽ 50 കിലോയുടെ മിൽമ ഗോമതി ഗോൾഡ് കാലിത്തീറ്റ വാങ്ങിക്കുന്ന ക്ഷീര കർഷകരിലേക്ക് ചാക്കൊന്നിന് 200 രൂപ സബ്സിഡിയായി എത്തിച്ചേരും. 

2025 ഏപ്രിൽ, മെയ് മാസങ്ങളിലായി മലബാർ മേഖലയിലെ ക്ഷീര കർഷകർക്ക് കാലിത്തീറ്റ സബ്സിഡിയായി 4.10 കോടി രൂപ അനുവദിച്ചിരുന്നു. ജൂൺ മാസത്തിൽ നൽകി വരുന്നതും ജൂലൈ മാസത്തിൽ പ്രഖ്യാപിച്ചിട്ടുള്ളതുമടക്കം ഈ സാമ്പത്തിക വർഷത്തിൽ ഇതുവരെ 7.4 കോടി രൂപ കാലിത്തീറ്റ സബ്സിഡി ഇനത്തിൽ ക്ഷീര കർഷകരിലേക്ക് എത്തിച്ചേരുമെന്ന് മിൽമ ചെയർമാൻ കെ എസ് മണി, മാനേജിംഗ് ഡയറക്ടർ കെ സി ജെയിംസ് എന്നിവർ അറിയിച്ചു.

Exit mobile version