Site iconSite icon Janayugom Online

ഏഴ് ജില്ലകളില്‍ 42 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന താപനില

സംസ്ഥാനത്തെ ഏഴ് ജില്ലകളിൽ 42 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന ചൂട് രേഖപ്പെടുത്തിയതായി സിഡബ്ല്യുആർഡിഎം (CWRDM — സെന്റർ ഫോർ വാട്ടർ റിസോഴ്സസ് ഡെവലപ്മെന്റ് ആന്റ് മാനേജ്മെന്റ്) പഠനറിപ്പോര്‍ട്ട്. ആലപ്പുഴ, കോഴിക്കോട്, വയനാട്, പാലക്കാട്, കണ്ണൂർ, കാസർകോട്, കോട്ടയം ജില്ലകളിലാണ് ചൂട് മുൻവർഷങ്ങളെ അപേക്ഷിച്ച് കൂടുതല്‍. ജനുവരി, ഫെബ്രുവരി, മാർച്ച് മാസങ്ങളിലെ ശരാശരി ചൂടിൽ 0.2 ഡിഗ്രി മുതൽ 1.6 ഡിഗ്രി സെൽഷ്യസ് വരെയാണ് വർധന. മുൻവർഷങ്ങളിലെ താപനിലകളുടെ ശരാശരി പരിശോധിച്ചതിലാണ് വർധന കണ്ടെത്തിയത്.

ആലപ്പുഴയിലാണ് കൂടുതൽ വർധന. 1.6 ഡിഗ്രി സെൽഷ്യസ്. ഇതോടൊപ്പം പ്രത്യേക മാതൃക ഉപയോഗിച്ച് നടത്തിയ പഠനത്തിൽ വരും മാസങ്ങളിൽ വരൾച്ചാസാധ്യതയും കണ്ടെത്തി. ഉയർന്ന താപനില വിളകളിൽ സങ്കീർണവും ദൂരവ്യാപകവുമായ സ്വാധീനമുണ്ടാക്കും. കാലാവസ്ഥാവ്യതിയാനമാണ് താപനില വർധനയ്ക്ക് കാരണം. വരും മാസങ്ങളിലും വർഷങ്ങളിലും ചൂട് കൂടാനും വരൾച്ചയുണ്ടാകാനുമാണ് സാധ്യതയെന്ന് സിഡബ്ല്യുആർഡിഎം പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ. യു സുരേന്ദ്രൻ പറഞ്ഞു.

നെല്ല്, ചീര, പയർ, കാപ്പി തുടങ്ങിയ വിളകളിൽ 6–14 ശതമാനം വിളവ് നഷ്ടപ്പെടാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടിൽ പറയുന്നു. ഉയർന്ന താപനിലയുടെ ആഘാതം ലഘൂകരിക്കാൻ ജലസേചന പരിപാലനം, തണൽ പരിപാലനം, വിള തിരഞ്ഞെടുക്കൽ തുടങ്ങിയ മാർഗങ്ങൾ നടപ്പാക്കണമെന്നും പഠനം നിർദേശിക്കുന്നു.

 

Eng­lish Sam­mury: CWRDM said sev­en dis­tricts of the state record­ed the high­est tem­per­a­ture in 42 years

Exit mobile version