എയർ ഇന്ത്യ ഗ്രൂപ്പിന്റെ 70 ശതമാനത്തോളം വിമാനങ്ങളിൽ ആവർത്തിച്ചുള്ള സാങ്കേതിക തകരാറുകൾ ഉള്ളതായി കേന്ദ്ര സർക്കാർ പാർലമെന്റിൽ വ്യക്തമാക്കി. കഴിഞ്ഞ വർഷം ജനുവരി മുതൽ നടത്തിയ പരിശോധനയിൽ എയർ ഇന്ത്യ ഗ്രൂപ്പിന്റെ 267 വിമാനങ്ങളിൽ 191 എണ്ണത്തിലും പ്രശ്നങ്ങൾ കണ്ടെത്തിയതായി സിവിൽ ഏവിയേഷൻ സഹമന്ത്രി ലോക്‌സഭയിൽ അറിയിച്ചു. ഇതിൽ എയർ ഇന്ത്യയുടെ 166 വിമാനങ്ങളിൽ 137 എണ്ണത്തിനും എയർ ഇന്ത്യ എക്സ്പ്രസിന്റെ 101 വിമാനങ്ങളിൽ 54 എണ്ണത്തിനും തകരാറുകളുണ്ട്. ചുരുക്കത്തിൽ, എയർ ഇന്ത്യ ഗ്രൂപ്പിന്റെ ഓരോ പത്ത് വിമാനങ്ങളിലും ഏഴെണ്ണത്തിലും ആവർത്തിച്ചുള്ള സാങ്കേതിക പ്രശ്നങ്ങളാണുള്ളത്.
എന്നാൽ ഈ തകരാറുകൾ മിക്കതും ‘ഡി’ വിഭാഗത്തിൽപ്പെട്ടതാണെന്നും വിമാനത്തിന്റെ സുരക്ഷയെ ഇവ ബാധിക്കില്ലെന്നും എയർ ഇന്ത്യ വക്താവ് വിശദീകരിച്ചു. സീറ്റുകൾ, ട്രേ ടേബിളുകൾ, സ്ക്രീനുകൾ എന്നിവയ്ക്കുണ്ടാകുന്ന കേടുപാടുകളാണിവയെന്നും വരും വർഷങ്ങളിലെ നവീകരണ പ്രവർത്തനങ്ങളിലൂടെ ഇവ പരിഹരിക്കുമെന്നും കമ്പനി അറിയിച്ചു. എയർ ഇന്ത്യ കൂടാതെ മറ്റ് എയർലൈനുകളിലും സമാനമായ പ്രശ്നങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഇൻഡിഗോയുടെ 148 വിമാനങ്ങളിലും സ്പൈസ് ജെറ്റിന്റെ 16 വിമാനങ്ങളിലും ആകാശ എയറിന്റെ 14 വിമാനങ്ങളിലും പരിശോധനയിൽ തകരാറുകൾ സ്ഥിരീകരിച്ചിട്ടുണ്ട്. മൊത്തം ആറ് എയർലൈനുകളുടെ 754 വിമാനങ്ങളിൽ നടത്തിയ പരിശോധനയിൽ 377 വിമാനങ്ങളിലും ഇത്തരത്തിൽ സാങ്കേതിക പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

