Site iconSite icon Janayugom Online

കോവിഡില്‍ 71 ശതമാനം പേര്‍ക്ക് ഉപജീവനമാര്‍ഗം നഷ്ടമായി

കോവിഡ് മഹാമാരിക്കാലത്ത് ഇന്ത്യയിലെ ഗ്രാമീണജനതയുടെ 79 ശതമാനം പേര്‍ക്കും ഉപജീവനമാര്‍ഗം നഷ്ടപ്പെട്ടതായി പഠനം. ഇവരില്‍ 34 ശതമാനവും സ്ത്രീകളാണ്. ഇന്ത്യയിലെ ഗ്രാമീണമേഖലയില്‍ കോവി‍ഡ് വരുത്തിയ മാറ്റങ്ങള്‍ കണ്ടെത്തുന്നതിനായി കോണ്‍ഫറന്‍സ് ഡ‍െവലപ്മെന്റ് ഓഫീസ് (സിഡിഒ), ഇന്ത്യന്‍ സോഷ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, ലോക് മഞ്ച് എന്നിവര്‍ ചേര്‍ന്ന് 12 സംസ്ഥാനങ്ങളിലാണ് സര്‍വേ നടത്തിയത്. ഗ്രാമീണ മേഖലയില്‍‍ ജോലി നഷ്ടപ്പെട്ടവരില്‍ ഭൂരിഭാഗവും പട്ടികജാതി, പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവരാണ്. കോവിഡ് മൂലമാണ് ജോലി നഷ്ടപ്പെട്ടതെന്നാണ് ഇവരില്‍ 54 ശതമാനവും പറയുന്നത്. മഹാമാരിയെ അതിജീവിക്കാന്‍ കടം വാങ്ങിയതായി സര്‍വെയില്‍ പങ്കെടുത്ത 59 ശതമാനം പേരും പറഞ്ഞു. ഉത്തര്‍ പ്രദേശ്, ബിഹാര്‍, കര്‍ണാടക, ഗുജറാത്ത്, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് ഏറ്റവും കൂടുതല്‍ കടം വാങ്ങിയത്.

മഹാത്മഗാന്ധി തൊഴിലുറപ്പ് പദ്ധതിയിലൂടെ പോലും ജോലി ചെയ്യാന്‍ കഴിഞ്ഞില്ലെന്ന് നിരവധി പേര്‍ അഭിപ്രായപ്പെട്ടു. 59 ശതമാനം പേരുടെ കയ്യില്‍ തൊഴിലുറപ്പ് കാര്‍ഡുണ്ട്. എന്നാല്‍ ഇതില്‍ 21 ശതമാനം പേര്‍ക്കും തൊഴില്‍ ലഭിച്ചില്ല. 14 ശതമാനത്തിന് ലഭിച്ചത് 25 തൊഴില്‍ ദിനങ്ങളില്‍ താഴെ മാത്രമാണെന്നും സര്‍വെ പറയുന്നു. നൂറ് തൊഴില്‍ ദിനങ്ങളാണ് പദ്ധതിയിലൂടെ ഉറപ്പ് നല്‍കുന്നത്. പൊതുവിതരണ സംവിധാനവും തൊഴിലുറപ്പ് പദ്ധതിയും കോവിഡ് കാലത്ത് ഏറെ ആശ്വാസം നല്‍കിയതായി 51 ശതമാനം പറഞ്ഞു. മഹാമാരി കാലത്ത് ജനക്ഷേമം ഉറപ്പാക്കുന്നതില്‍ സാമൂഹിക സുരക്ഷാ പദ്ധതികള്‍ക്ക് ഏറെ പ്രാധാന്യമുണ്ടെന്നും സര്‍വേ വ്യക്തമാക്കുന്നു. 

കോവിഡ് ചികിത്സയ്ക്കുള്ള ഭാരിച്ച തുക ഗ്രാമീണര്‍ക്ക് താങ്ങാന്‍ കഴിയുന്നതിലധികമാണെന്ന് സര്‍വെ വെളിപ്പെടുത്തുന്നു. ചികിത്സാ തുക വരുമാനത്തില്‍ കൂടുതലാകുന്നുവെന്നും 57 ശതമാനം പേര്‍ക്കും ചികിത്സക്കായി കടംവാങ്ങേണ്ടിവന്നതായും സര്‍വേയില്‍ പങ്കെടുത്തവര്‍ വ്യക്തമാക്കി. ആന്ധ്രാപ്രദേശ്, ബിഹാര്‍, ചത്തീസ്ഗഢ്, ഗുജറാത്ത്, ജാര്‍ഖണ്ഡ്, കര്‍ണാടക, കേരളം, മഹാരാഷ്ട്ര, ഒ‍ഡിഷ, തെലങ്കാന, ഉത്തര്‍പ്രദേശ്, പശ്ചിമബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലാണ് സര്‍വേ നടത്തിയത്. പങ്കെടുത്തവരില്‍ കൂടുതലും സ്വന്തമായി ഭൂമിയില്ലാത്ത തൊഴിലാളികളായിരുന്നു (46 ശതമാനം) കര്‍ഷകര്‍ (34), സ്വകാര്യസ്ഥാപനങ്ങളിലെ ജീവനക്കാര്‍ (ഒമ്പത്) എന്നിവരും സര്‍വേയുടെ ഭാഗമായി. 

Eng­lish Summary:71 per­cent peo­ple lost their liveli­hood due to covid
You may also like this video

Exit mobile version