ഓൺലൈൻ ട്രേഡിംഗ് തട്ടിപ്പ് വഴി 75 ലക്ഷം രൂപ തട്ടിയ യുവാവ് ബെഗളൂരുവിൽ കോഴിക്കോട് പെരുമണ്ണ തെന്നാര പോട്ട വീട്ടിൽ, സി.കെ.നിജാസാണ്(25) പിടിയിലായത്. ഓൺലൈൻ ട്രേഡിംഗിലൂടെ ലാഭമുണ്ടാക്കാമെന്ന് വിശ്വസിപ്പിച്ചാണ് ഇയാൾ പണം തട്ടിയത്. അബുദാബിയിൽ നിന്നും നാട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് നിജാസ് പൊലീസ് പിടിയിലായത്. പണവുമായി വിദേശത്തേക്ക് മുങ്ങിയ ഇയാൾക്കെതിരെ പൊലീസ് ലുക്ക്ഔട്ട് സർക്കുലർ പുറപ്പെടുവിച്ചിരുന്നു. കേസിൽ ഒരാൾ കൂടി പിടിയിലാകാനുണ്ട്.
2022ലാണ് കേസിനാസ്പദമായ സംഭവം. 2022 ഏപ്രിൽ മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ ചീരാൽ സ്വദേശിയായ ഒരു യുവാവിൽ നിന്നും മറ്റ് സുഹൃത്തുക്കളിൽ നിന്നും ട്രേഡിംഗിലൂടെ ലാഭമുണ്ടാക്കാമെന്ന വ്യാജേന പ്രതികൾ ഗൂഗിൾ പേ വഴിയും അക്കൌണ്ട് ട്രാൻസഫറിലൂടെയും 75 ലക്ഷം രൂപ തട്ടിയെടുത്തത്. എന്നാൽ രണ്ട് വർഷമായിട്ടും ലാഭമൊന്ന് ലഭിക്കാത്തതിനെത്തുടർന്ന് 2024ൽ ചീരാൽ സ്വദേശിയായ യുവാവ് പൊലീസിൽ പരാതി നൽകുകയായിരുന്നു. കേസ് രജിസ്റ്റർ ചെയ്തതോടെ രണ്ട് പ്രതികളും ഒളിവിൽ പോകുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയതിന് ശേഷം നിജാസിനെ റിമാൻഡ് ചെയ്തു.

