Site icon Janayugom Online

സംസ്ഥാനത്തിന് 8.87 ലക്ഷം ഡോസ് വാക്‌സിന്‍ കൂടി

സംസ്ഥാനത്തിന് 8,86,960 ഡോസ് വാക്‌സിന്‍ കൂടി ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. 8 ലക്ഷം ഡോസ് കോവിഷീല്‍ഡ് വാക്‌സിനും 86,960 ഡോസ് കോവാക്‌സിനുമാണ് എത്തിയത്. തിരുവനന്തപുരം 1,69,500, എറണാകുളം 1,96,500, കോഴിക്കോട് 1,34,000 എന്നിങ്ങനെ ഡോസ് കോവീഷീല്‍ഡ് വാക്‌സിനും തിരുവനന്തപുരം 29,440 എറണാകുളം 34,240, കോഴിക്കോട് 23,280 എന്നിങ്ങനെ ഡോസ് കോവാക്‌സിനുമാണ് ലഭ്യമായത്. ഇതിന് പുറമേ എറണാകുളത്ത് 3 ലക്ഷം കോവീഷീല്‍ഡ് കൂടിയെത്തി. ചില കേന്ദ്രങ്ങളില്‍ രാത്രിയോടെയാണ് വാക്‌സിന്‍ എത്തുക.

സംസ്ഥാനത്ത് വാക്‌സിന്‍ എത്തിയതോടെ വാക്‌സിനേഷന്‍ യജ്ഞം ശക്തിപ്പെടുത്തി വരുന്നു. 60 വയസിന് മുകളില്‍ പ്രായമായ എല്ലാവര്‍ക്കും 18 വയസിന് മുകളിലുള്ളവര്‍ക്കും കിടപ്പ് രോഗികള്‍ക്കും ആഗസ്റ്റ് 15ന് മുമ്പ് ആദ്യ ഡോസ് വാക്‌സിന്‍ നല്‍കാനാണ് ലക്ഷ്യമിടുന്നത്. ഇന്ന് മാത്രം 60 വയസിന് മുകളിലുള്ള ഒന്നേകാല്‍ ലക്ഷത്തിലധികം ആളുകള്‍ക്ക് ആദ്യ ഡോസ് നല്‍കിയിട്ടുണ്ട്. ഇതുള്‍പ്പെടെ ഇന്ന് ആകെ 2,37,528 പേര്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്.

949 സര്‍ക്കാര്‍ കേന്ദ്രങ്ങളിലും 322 സ്വകാര്യ കേന്ദ്രങ്ങളും ഉള്‍പ്പെടെ 1271 വാക്‌സിനേഷന്‍ കേന്ദ്രങ്ങളാണുണ്ടായിരുന്നത്. സംസ്ഥാനത്ത് ഇതുവരെ ഒന്നും രണ്ടും ഡോസ് ചേര്‍ത്ത് ആകെ 2,24,29,007 പേര്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്. അതില്‍ 1,59,68,802 പേര്‍ക്ക് ഒന്നാം ഡോസ് വാക്‌സിനും 64,60,205 പേര്‍ക്ക് രണ്ടാം ഡോസ് വാക്‌സിനുമാണ് നല്‍കിയത്. കേരളത്തിലെ 2021‑ലെ എസ്റ്റിമേറ്റ് ജനസംഖ്യ അനുസരിച്ച് 45.5 ശതമാനം പേര്‍ക്ക് ഒന്നാം ഡോസും 18.41 ശതമാനം പേര്‍ക്ക് രണ്ടാം ഡോസ് വാക്‌സിന്‍ നല്‍കി. 18 വയസിന് മുകളിലുള്ള ജനസംഖ്യയനുസരിച്ച് 55.64 ശതമാനം പേര്‍ക്ക് ഒന്നാം ഡോസും 22.51 ശതമാനം പേര്‍ക്ക് രണ്ടാം ഡോസും നല്‍കിയിട്ടുണ്ട്.

ENGLISH SUMMARY:8.87 lakh more vac­cines for the state
You may also like this video

Exit mobile version