രാജ്യത്ത് പെന്‍ഷന്‍ പദ്ധതികളില്‍ ഉള്‍പ്പെടാതെ കോടിക്കണക്കിന് വയോജനങ്ങള്‍. 60 വയസിലധികം പ്രായമുള്ള 12 കോടിയില്‍ 85 ശതമാനവും കേന്ദ്ര‑സംസ്ഥാന സര്‍ക്കാരുകളുടെ പെന്‍ഷന്‍ പദ്ധതികളില്‍ ഉള്‍പ്പെട്ടിട്ടില്ലെന്ന് ഗ്രാമീണ വികസന മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. വയോജനങ്ങളില്‍ 3.5 കോടിയിലധികം പേര്‍ ദാരിദ്ര്യരേഖയ്ക്ക് കീഴെയുള്ളവരാണ്. 65 ലക്ഷത്തോളം വിധവകളും ഒമ്പത് ലക്ഷം അംഗപരിമിതരും ഇവരില്‍ ഉള്‍പ്പെടുന്നുണ്ട്. സര്‍ക്കാരിന്റെ ഒരു ആനുകൂല്യവും ഇവര്‍ക്ക് ലഭിക്കുന്നില്ലെന്നാണ് ദേശീയ സാമൂഹിക സഹായ പദ്ധതിക്ക് കീഴിലുള്ള അഞ്ച് പെന്‍ഷന്‍ പദ്ധതികളുടെ കണക്കുകള്‍ വ്യക്തമാക്കുന്നത്.
2014 ല്‍ ബിജെപി അധികാരത്തിലെത്തിയതിന് ശേഷം പെന്‍ഷന്‍ പദ്ധതികളുടെ പരിഷ്ക്കരണം ഉണ്ടായില്ല. കൂടുതല്‍പേരെ അംഗങ്ങളാക്കിയതുമില്ല. കേന്ദ്ര‑സംസ്ഥാന സര്‍ക്കാരുകളുടെ വിഹിതം അനുസരിച്ച് പെന്‍ഷന്‍ പദ്ധതികളിലൂടെ ലഭിക്കുന്ന തുകയില്‍ വ്യത്യാസമുണ്ട്. എന്നാല്‍ കഴിഞ്ഞ എട്ട് വര്‍ഷമായി അനുഭവപ്പെട്ട പണപ്പെരുപ്പത്തിന് അനുസൃതമായി കേന്ദ്രം പെന്‍ഷന്‍ തുക വര്‍ധിപ്പിച്ചിട്ടില്ല. വാര്‍ധക്യകാല പെന്‍ഷന്‍, വിധവാ പെന്‍ഷന്‍, വികലാംഗ പെന്‍ഷന്‍, ദേശീയ കുടുംബ ആനുകൂല്യ പെന്‍ഷന്‍, അന്നപൂര്‍ണ എന്നിവയാണ് ദേശീയ സാമൂഹിക സഹായ പദ്ധതിക്ക് കീഴിലുള്ള സഹായ പദ്ധതികള്‍.
2007 ല്‍ പരിഷ്ക്കരിക്കപ്പെട്ട വാര്‍ധക്യകാല പെന്‍ഷന്‍ പദ്ധതിയിലൂടെ 60 വയസിനു മുകളിലുള്ളവര്‍ക്ക് പ്രതിമാസം 200 രൂപയും 80 വയസിന് മുകളിലുള്ളവര്‍ക്ക് 500 രൂപയുമാണ് നല്‍കിവരുന്നത്. വിധവാ പെന്‍ഷനില്‍ 2012 ലാണ് ഏറ്റവുമൊടുവില്‍ പരിഷ്ക്കാരം വരുത്തിയത്. 40 മുതല്‍ 79 വയസുവരെ ഉള്ളവര്‍ക്ക് പ്രതിമാസത്തുക 300 രൂപയും 80 വയസിന് മുകളിലുള്ളവര്‍ക്ക് 500 രൂപയുമാക്കി. എന്നാല്‍ കേരളത്തില്‍ എല്ലാ സാമൂഹ്യ ക്ഷേമ പെന്‍ഷനുകളും 1600 രൂപയാണ്.
വികലാംഗ പെന്‍ഷനില്‍ 2014 ലാണ് ഏറ്റവുമൊടുവില്‍ പരിഷ്ക്കാരം വരുത്തിയത്. 40–79 പ്രായപരിധിയിലുള്ളവര്‍ക്ക് പ്രതിമാസം 300, 80 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് 500 രൂപയാണ് ലഭിക്കുക. എട്ട് വിഭാഗങ്ങളിലാണ് വികലാംഗ പെന്‍ഷന്‍ അനുവദിക്കുക. അതേസമയം 2016 ലെ ഭിന്നശേഷി നിയമപ്രകാരം 21 വിഭാഗങ്ങളുണ്ട്. അംഗപരിമിതരില്‍ ഭൂരിഭാഗവും പെന്‍ഷന്‍ പദ്ധതിക്ക് പുറത്താണെന്നും ഈ കണക്ക് വ്യക്തമാക്കുന്നുണ്ട്.
കേന്ദ്രസര്‍ക്കാര്‍ പെന്‍ഷനില്‍ കാലാനുസൃതമായി മാറ്റം വരുത്തിയില്ലെങ്കില്‍ ഗ്രാമീണ ഇന്ത്യയില്‍ ഗുരുതരമായ പ്രത്യാഘാതമുണ്ടാകുമെന്ന് സാമ്പത്തിക വിദഗ്ധനായ പ്രഭാത് പട്നായിക് ചൂണ്ടിക്കാട്ടി. മിനിമം വേതനത്തിന് തുല്യമായ തുക പെന്‍ഷനായി അനുവദിക്കേണ്ടതുണ്ടെന്നും ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ ആവശ്യപ്പെടുന്നു.
English Summary:85 percent of senior citizens have no pension
You may also like this video