Site iconSite icon Janayugom Online

89.2 ശതമാനം പോക്സോ കേസുകളും കെട്ടിക്കിടക്കുന്നു

കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമ കേസുകള്‍ വിചാരണ പോലും ആരംഭിക്കാതെ കെട്ടിക്കിടക്കുന്നു. പ്രൊട്ടക്ഷൻ ഓഫ് ചിൽഡ്രൻ ഫ്രം സെക്‌ഷ്വൽ ഒഫൻസസ് നിയമം (പോക്സോ) പ്രകാരം രജിസ്റ്റര്‍ ചെയ്ത 89.2 ശതമാനം കേസുകളാണ് രാജ്യവ്യാപകമായി വിചാരണ കാത്ത് കിടക്കുന്നത്. പോക്സോ നിയമപ്രകാരം 2022ല്‍ രജിസ്റ്റര്‍ ചെയ്ത 2,68,038 കേസുകളില്‍ 239,188 കേസുകളുടെയും വിചാരണ ആരംഭിച്ചിട്ടില്ലെന്നാണ് ദേശീയ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ കണക്കുകള്‍. 

ജഡ്ജിമാരുടെ കുറവും അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവുമാണ് വിചാരണയ്ക്ക് തടസമാകുന്നത്. ഇത് അതിജീവിതമാര്‍ക്ക് നീതി വൈകുന്നതിന് ഇടയാക്കുന്നു. അതിവേഗ കോടതികളാണ് ഇത്തരം കേസുകള്‍ പരിഗണിക്കുന്നത്. അതിവേഗ കോടതികള്‍ക്കായി 2019 മുതല്‍ കേന്ദ്രം പുതിയ പദ്ധതി ആരംഭിച്ച ശേഷം 2,99,624 കേസുകള്‍ തീര്‍പ്പാക്കി. അതേസമയം 2,04, 122 കേസുകള്‍ തീര്‍പ്പാക്കാതെ കെട്ടിക്കിടക്കുന്നതായി നീതിന്യായവകുപ്പ് പുറത്തുവിട്ട രേഖകള്‍ വ്യക്തമാക്കുന്നു.
രാജ്യത്ത് 747 അതിവേഗ കോടതികള്‍ ഉണ്ടെന്നാണ് നീതിന്യായ വകുപ്പിന്റെ കണക്ക്. ഇതില്‍ 406 എണ്ണം പോക്സോ കേസുകള്‍ കൈകാര്യം ചെയ്യുന്നവയാണ്. 

സ്ത്രീകള്‍, കുട്ടികള്‍, മുതിര്‍ന്ന പൗരന്മാര്‍, വികലാംഗര്‍, മനോരോഗ ബാധിതര്‍ എന്നിവരുമായി ബന്ധപ്പെട്ടതും അഞ്ച് വര്‍ഷത്തിലേറെയായി കെട്ടിക്കിടക്കുന്ന സ്വത്ത് കേസുകളും വേഗത്തില്‍ വിചാരണ നടത്തുന്നതിന് 2015നും 2020നും ഇടയില്‍ 1,800 അതിവേഗ കോടതികള്‍ സ്ഥാപിക്കണമെന്ന് 14-ാം ധനകാര്യ കമ്മിഷന്‍ ശുപാര്‍ശ ചെയ്തിരുന്നു. 2018‑ലെ ക്രിമിനല്‍ നിയമ (ഭേദഗതി) പ്രാബല്യത്തില്‍ വന്നതോടെയാണ് കേന്ദ്രസര്‍ക്കാര്‍ 2019ല്‍ അതിവേഗ കോടതികള്‍ സ്ഥാപിച്ചത്.
നൂറിലധികം പോക്സോ കേസുകളുള്ള ജില്ലകള്‍ക്കായി പ്രത്യേക കോടതികള്‍ സ്ഥാപിക്കണമെന്ന് സര്‍ക്കാര്‍ 2023 നവംബറില്‍ നിര്‍ബന്ധമാക്കിയതായി അന്നത്തെ പത്രകുറിപ്പ് പറയുന്നു. കൂടാതെ രാജ്യത്തുടനീളം 790 അതിവേഗ കോടതികള്‍ സ്ഥാപിക്കാനും ആവശ്യപ്പെട്ടു. എന്നാല്‍ 2019ല്‍ 100ലധികം പോക്സോ കേസുകളുള്ള 389 ജില്ലകള്‍ രാജ്യത്തുണ്ടായിരുന്നു. ഒരു പോക്സോ കേസ് തീര്‍പ്പാക്കാന്‍ അതിവേഗ കോടതികള്‍ ശരാശരി 509.78 ദിവസമെടുത്തെന്ന് 2022‑ല്‍ വിധി സെന്റര്‍ ഫോര്‍ ലീഗല്‍ പോളിസി നടത്തിയ പഠനം പറയുന്നു. പോക്സോ നിയമത്തിലെ സെക്ഷന്‍ 35 അനുസരിച്ച് ഓരോ കേസും ഒരു വര്‍ഷത്തിനുള്ളില്‍ തീര്‍പ്പാക്കണം. 2023ല്‍ നിയമ‑നീതി മന്ത്രാലയം പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശ പ്രകാരം ബലാത്സംഗം, പോക്സോ കേസുകള്‍ തീര്‍പ്പാക്കുന്നതിന് അതിവേഗ കോടതികള്‍ക്ക് ഒരു ജുഡീഷ്യല്‍ ഓഫിസര്‍, ഏഴ് ജീവനക്കാര്‍ എന്നിവരെ നിയമിക്കണം. എന്നാല്‍ പല സന്ദര്‍ഭങ്ങളിലും ജില്ലാ സെഷന്‍സ് കോടതികളിലെ ജുഡീഷ്യല്‍ ഓഫിസര്‍മാര്‍ക്ക് അതിവേഗ കോടതികളുടെയും അധിക ചുമതല നല്‍കാറുണ്ടെന്നും വിധി സെന്റര്‍ ഫോര്‍ ലീഗല്‍ പോളിസി റിസര്‍ച്ച് ഗവേഷക പ്രിയംവദ ശിവജി പറഞ്ഞു. ജില്ലാ, സെഷന്‍സ് കോടതികളിലെ ജൂഡീഷ്യല്‍ ഒഴിവുകള്‍ ഈ പ്രശ്നം കൂടുതല്‍ വഷളാക്കുന്നു. 2024ലെ കണക്കനുസരിച്ച് ഒഴിവുകള്‍ 20.4 ശതമാനമാണെന്നും അവര്‍ ചൂണ്ടിക്കാട്ടി. 

Exit mobile version