Site iconSite icon Janayugom Online

ഭോപ്പാലിലെ 90 ഡിഗ്രി റയിൽവേ മേൽപ്പാലം; വിവാദങ്ങൾക്കൊടുവിൽ പിഴവ് തിരുത്തുന്നു

എറെ ചർച്ച ചെയ്യപ്പെട്ട ഭോപ്പാലിലെ 90 ഡിഗ്രി റയിൽവേ മേൽപ്പാലം മാസങ്ങൾ നീണ്ട വിവാദങ്ങൾക്കും രാജ്യവ്യാപക ചർച്ചകൾക്കുമൊടുവിൽ തിരുത്തലിന് തയ്യാറാകുന്നു. 

പാലത്തിൻറെ ടേണിംഗ് റേഡിയസ് 10.7 മീറ്റർ വർധിപ്പിക്കണമെന്ന് കേന്ദ്ര വിദഗ്ധ സമിതി ശുപാർശ ചെയ്തിട്ടുണ്ട്. നിലവിൽ ആർഒബിയുടെ റേഡിയസ് വെറും 6 മീറ്റർ മാത്രമാണ്. ഇത് വാഹനങ്ങൾക്ക്, പ്രത്യേകിച്ച് ഉയർന്ന ഭാരം ഉള്ളവയ്ക്ക് വലിയ അപകടമുണ്ടാക്കുന്നു. 

നിർദ്ദിഷ്ട മാറ്റങ്ങളോടെ, വളവ് ഇനി 90 ഡിഗ്രി കുത്തനെയുള്ളതായി തുടരില്ല. ഈ ക്രമീകരണം അപകട സാധ്യത കുറയ്ക്കുക മാത്രമല്ല, തിരക്കേറിയ ഈ റൂട്ടിലെ ഗതാഗതക്കുരുക്ക് കുറയ്ക്കുകയും ചെയ്യുമെന്ന് ഉദ്യോഗസ്ഥർ പറയുന്നു

ഭോപ്പാലിലെ ജനസാന്ദ്രതയുള്ള പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന പാലമാണിത്. പാലത്തെ സുരക്ഷിതമായ രീതിയിൽ പുനർനിർമ്മിക്കാനും മികച്ച ഗതാഗതം സാധ്യമാക്കാനും പ്രദേശവാസികൾ ഏറെക്കാലമായി ആവശ്യപ്പെടുന്നതാണ്.

കമ്മിറ്റിയുടെ ശുപാർശകളെ തുടർന്ന്, ഒരു പുതിയ വിശദമായ പദ്ധതി റിപ്പോർട്ട് (ഡിപിആർ) തയ്യാറാക്കി സംസ്ഥാന സർക്കാരിനും മുനിസിപ്പൽ കോർപ്പറേഷനും സമർപ്പിക്കും. റെയിൽവേയുടെയും നിർമ്മാണ ഏജൻസിയുടെയും സംയുക്ത മേൽനോട്ടത്തിലായിരിക്കും പണികൾ നടക്കുക. മാറ്റങ്ങൾ വരുത്തിയാലും പദ്ധതിയുടെ മൊത്തത്തിലുള്ള സമയക്രമത്തെ ഇത് സാരമായി ബാധിക്കില്ലെന്ന് ഉദ്യോഗസ്ഥർ പറയുന്നു.

2022 മെയ് 21 ന് 17.37 കോടി രൂപ ബജറ്റിലാണ് ഐഷ്ബാഗ് ആർ‌ഒ‌ബിയുടെ നിർമ്മാണം ആരംഭിച്ചത്. പാലം 2024 ഓഗസ്റ്റിൽ പൂർത്തീകരിക്കാൻ തീരുമാനിച്ചിരുന്നെങ്കിലും 2025 ഓഗസ്റ്റ് ആയിട്ടുപോലും പാലത്തിൻറെ നിർമ്മാണം അപൂർണമായി തുടരുകയാണ്. 

Exit mobile version